കല്പറ്റ: സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന്‍ വിനായകന്‍ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം. കല്പറ്റ സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഫോണിലൂടെ മോശമായി സംസാരിച്ചെന്ന ദലിത് ആക്ടിവിസ്റ്റു കൂടിയായ മൃദുലാ ദേവി ശശിധരന്റെ പരാതിയിലാണ് നടന്‍ വിനായകനെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തത്. കേസില്‍ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഒരുവര്‍ഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത് .

നടന്‍ തെറ്റ് സമ്മതിച്ചെന്ന് കല്‍പറ്റ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. കേസിന്‍റെ വിചാരണ വൈകാതെ ആരംഭിക്കും.കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നായിരുന്നു മൃദുലയുടെ മൊഴി. വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പൊലീസിന് മുന്നില്‍ മൃദുല ഹാജരാക്കിയിരുന്നു.നാല് മാസത്തോളം നീണ്ട അന്വേഷണം പൂര്‍ത്തിയാക്കിയാണ് അന്വേഷണസംഘം കല്‍പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

പരാതിയില്‍ നടനെതിരെ കേസെടുത്ത പൊലീസ്, അശ്ലീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അധിക്ഷേപിക്കും വിധം സംസാരിച്ചു തുടങ്ങി പരമാവധി ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് ചുമത്തിയത്. തുടര്‍ന്ന് ജൂണ്‍ 20ന് കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായ നടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ജാമ്യത്തില്‍ വിട്ടു.