കോഴിക്കോട് വിദ്യാര്‍ഥികളുടെ പേരില്‍ യു.എ.പി.എ ചുമത്തിയ നടപടി തെറ്റാണെന്ന് പ്രതികരിച്ച്‌ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് രംഗത്തെത്തിയിരുന്നു. സര്‍ക്കാരും പോലീസും തെറ്റ് തിരുത്തണമെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പ്രകാശ് കാരാട്ടിന്റെ അഭിപ്രായങ്ങള്‍ സാമ്രാജ്യത്വം, ഫാസിസം, ആഗോള മുതലാളിത്തം മുതലായ വിഷയങ്ങളില്‍ മാത്രം പരിമിതപ്പെടുത്തുന്നതാണ് ഉചിതമെന്നാണ് അഡ്വ. എ ജയശങ്കറിന്റെ അഭിപ്രായം. പ്രകാശ് കാരാട്ടിന് ഈ സര്‍ക്കാരിനെയും ജനകീയ പോലീസിനെയും പറ്റി ഒരു ചുക്കും അറിയില്ല. ആരെ വെടിവച്ചു കൊല്ലണം, ആരെ മാവോയിസ്റ്റ് മുദ്ര കുത്തണം, ഊപ്പ ചുമത്തണം എന്നു തീരുമാനിക്കാന്‍ ഇവിടെ രമണ്‍ ശ്രീവാസ്തവയുണ്ട്, ലോകനാഥ ബെഹ്‌റയുമുണ്ടെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പന്തീരങ്കാവിലെ പിഞ്ചു ബാലന്മാരെ മാവോയിസ്റ്റ് മുദ്ര കുത്തി ഊപ്പ ചുമത്തിയ നടപടി തെറ്റാണെന്ന് ലോക വിപ്ലവ പാര്‍ട്ടിയുടെ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സഖാവ് പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.

ഇതേ അഭിപ്രായം മുമ്ബ് ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറി വരെ പ്രകടിപ്പിച്ചിരുന്നു. പക്ഷേ ഫലമില്ല. ജാമ്യം നിഷേധിച്ചു, കുട്ടികള്‍ ജയില്‍വാസം തുടരുന്നു.

പ്രകാശ് കാരാട്ടിന് ഈ സര്‍ക്കാരിനെയും ജനകീയ പോലീസിനെയും പറ്റി ഒരു ചുക്കും അറിയില്ല. ആരെ വെടിവച്ചു കൊല്ലണം, ആരെ മാവോയിസ്റ്റ് മുദ്ര കുത്തണം, ഊപ്പ ചുമത്തണം എന്നു തീരുമാനിക്കാന്‍ ഇവിടെ രമണ്‍ ശ്രീവാസ്തവയുണ്ട്, ലോകനാഥ ബെഹ്റയുമുണ്ട്. അവര്‍ക്ക് സമയാസമയം നിര്‍ദ്ദേശം നല്‍കാന്‍ കേന്ദ്രത്തില്‍ അമിട് ഷായുമുണ്ട്.

പ്രകാശ് കാരാട്ടിന്‍്റെ അഭിപ്രായങ്ങള്‍ സാമ്രാജ്യത്വം, ഫാസിസം, ആഗോള മുതലാളിത്തം മുതലായ വിഷയങ്ങളില്‍ മാത്രം പരിമിതപ്പെടുത്തുന്നതാണ് ഉചിതം.