ബര്‍ലിന്‍: ജര്‍മനിയില്‍ അനസ്തേഷ്യ നല്‍കിയതിലുള്ള പിഴവുമൂലം നാലുരോഗികള്‍ മരിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ ലേഡി ഡോക്ടര്‍ അറസ്റ്റിലായി .

മധ്യജര്‍മനിയിലെ ഹെസ്സന്‍ സംസ്ഥാനത്തെ കാസ്സല്‍ നഗരത്തിനടുത്തുള്ള ഫ്രിറ്റ്സലാര്‍ ഹോളി സ്പിരിറ്റ് ഹോസ്പിറ്റലിലെ 48 കാരിയായ ഡോക്ടറാണ് കേസിലെ പ്രതി. അനസ്തേഷ്യയിലൂടെ നാല് രോഗികള്‍ മരിക്കുകയും മറ്റു എട്ട് രോഗികള്‍ ഗുരുതരാവസ്ഥയിലുമാണെന്ന് ഹെസ്സെയിലെ പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. രോഗികള്‍ക്ക് അനസ്തേഷ്യ നല്‍കിയപ്പോള്‍ സംശയം തോന്നിയിരുന്നില്ലെന്നും ഓപ്പറേഷന്‍ സമയത്ത് അനുചിതമായ മരുന്നുകള്‍ നല്‍കാന്‍ ഇവര്‍ പരാജയപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അസിസ്ററന്റ് ലേഡി ഡോക്ടറുടെ കൈപ്പിഴയില്‍, അവരുടെ മേലധികാരിയുടെ അനാസ്ഥയില്‍ അവര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്ററര്‍ ചെയ്തിട്ടുണ്ട്.

ഭൗതിക ശാസ്ത്രത്തില്‍ ബിരുദം മാത്രമുള്ള ഇവര്‍ 2015 ല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ആശുപത്രിയില്‍ സ്റ്റാഫായി ജോലിയില്‍ പ്രവേശിച്ചത്. അസിസ്ററന്റ് ഡോക്ടറായി ചാര്‍ജ്ജെടുത്ത ഇവര്‍ക്ക് മെഡിക്കല്‍ ലൈസന്‍സിംഗിന്റെ അഭാവമുണ്ടെന്ന് ജനുവരിയില്‍ മാത്രമാണ് പുറത്തുവന്നത്.അന്നുമുതല്‍ ആരംഭിച്ച വിപുലമായ അന്വേഷണമാണ് ഇപ്പോള്‍ അറസ്ററില്‍ കലാശിച്ചത്. നരഹത്യ, ശാരീരിക പരിക്കുകള്‍, വ്യാജ രേഖകള്‍, വഞ്ചന, ബിരുദം ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ ഇപ്പോള്‍ അറസ്ററ് ചെയ്തിരിയ്ക്കുന്നത്. ഇവര്‍ മറ്റൊരു ഹോസ്പിറ്റലില്‍ അസിസ്ററന്റ് ഡോക്ടറായി രണ്ടു വര്‍ഷക്കാലം സേവനം ചെയ്ത ശേഷമാണ് ഹോളി സ്പ്രിറ്റ് ആശുപത്രിയില്‍ ജോലിയ്ക്കു പ്രവേശിയ്ക്കുന്നത്.

ഈ സംഭവത്തെ തുടര്‍ന്ന് 2015 നവംബര്‍ മുതല്‍ 2018 ഓഗസ്ററ് വരെ ഫ്രിറ്റ്സ്ളാര്‍ പട്ടണത്തില്‍ ജോലി ചെയ്യുന്ന അസിസ്ററന്റ് ഡോക്ടര്‍മാരും, സൂപ്പര്‍വൈസര്‍മാരും ഇപ്പോള്‍ പൊലീസ് അന്വേഷണത്തിലാണെന്ന് അവടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു.ഇവരുടെ സേവനത്തില്‍ ഇനിയും കൂടുതല്‍ ഇരകളുണ്ടോയെന്നും പൊലീസ് ഇപ്പോള്‍ അന്വേഷിയ്ക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നു നടത്തിയ പോസ്ററ്മോര്‍ട്ടത്തിലാണ് മരണകാരണം പുറത്തായത്.