മൂന്നാര്‍; മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രമായ രാജമലയില്‍ കാട്ടാനയിറങ്ങിയത് സഞ്ചാരികളേയും ജീവനക്കാരെയും ആശങ്കയിലാക്കി. വിനോദസഞ്ചാരികള്‍ ടിക്കറ്റ് എടുക്കുന്നതിനിടയിലാണ് കാട്ടാന ഇറങ്ങിയത്. ആനയെക്കണ്ട് ഭയന്ന സഞ്ചാരികള്‍ ചിതറിയോടി. തുടര്‍ന്ന് പാര്‍ക്ക് ഒരു മണിക്കൂറോളം അടച്ചിട്ടു.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഒറ്റയാന്‍ എത്തിയത്. നാട്ടാനയാണ് വരുന്നതെന്നു കരുതി പലരും റോഡില്‍നിന്നു മാറാന്‍ ശ്രമിച്ചില്ല. കാട്ടാനയാണെന്നു വനംവകുപ്പ് ജീവനക്കാര്‍ സന്ദര്‍ശകരെ അറിയിച്ചതോടെ പലരും സമീപത്തെ വനംവകുപ്പിന്റെ കെട്ടിടങ്ങളില്‍ അഭയം തേടുകയായിരുന്നു. ടിക്കറ്റ് കൗണ്ടറില്‍നിന്നിരുന്നവരെ ജീവനക്കാര്‍ സുരക്ഷിത സ്ഥലത്തേക്കു മാറ്റി. മൂന്നാര്‍ മറയൂര്‍ അന്തര്‍സംസ്ഥാന പാതയിലൂടെ ഒറ്റയാന്‍ എത്തിയത്.

കഴിഞ്ഞ ദിവസം നയമക്കാട് ഭാഗത്തു നിലയുറപ്പിച്ചിരുന്ന കാട്ടാനയാണ് ഇന്നലെ ഉച്ചയോടെ പാര്‍ക്കിലെത്തിയത്. ഒരു മണിക്കൂറോളമാണ് ദേശീയോദ്യാനത്തിന്റെ അഞ്ചാം മൈല്‍ ടിക്കറ്റ് കൗണ്ടറിനു സമീപത്ത് വഴിയടച്ച്‌ ആന നിലയുറപ്പിച്ചത്. കൊന്പന്‍ കാടുകയറിയതോടെയാണ് പാര്‍ക്ക് വീണ്ടും തുറന്നത്.