മൈസൂരു ബിഷപ്പ് കെ.എ. വില്ല്യമിന്റെ ഇടപാടുകളില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മൈസൂരു അതിരൂപതയിലെ 37 പുരോഹിതന്‍മാര്‍ പോപ്പ് ഫ്രാന്‍സിസിന് കത്തയച്ചു. ലൈംഗിക ആരോപണങ്ങള്‍, ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍, ഫണ്ട് വകമാറ്റല്‍ തുടങ്ങി നിരവധി ആരോപണങ്ങള്‍ നേരിടുന്ന ബിഷപ്പിനെ മാറ്റണമെന്നാണ് പുരോഹിതന്‍മാരുടെ ആവശ്യം.’സാമ്ബത്തിക തട്ടിപ്പ്, ലൈംഗിക ദുര്‍നടപ്പ്, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നിവയിലെല്ലാം ബിഷപ്പിന് കൈയുണ്ടെന്നാണ് കരുതുന്നത്’, അസോസിയേഷന്‍ ഓഫ് കണ്‍സേണ്‍ഡ് കാത്തലിക്‌സിലെ മെല്‍വിന്‍ ഫെര്‍ണാണ്ടസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കുട്ടികളുമായി ബന്ധപ്പെട്ട ആരോപണങ്ങളുണ്ട്. ബിഷപ്പിന്റെ നിരപരാധിത്വം തെളിയിക്കാന്‍ പിതൃത്വ ടെസ്റ്റ് നടത്തണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ബിഷപ്പിന്റെ നിര്‍ദ്ദേശത്തില്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതും അന്വേഷിക്കണം’, ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ബിഷപ്പ് കെ.എ വില്ല്യം ഈ ആരോപണങ്ങളെല്ലാം തള്ളുകയാണ്. കത്ത് മൂലം മൈസൂരു രൂപതയുടെയും, ക്രിസ്ത്യന്‍ സമൂഹത്തിന്റെയും അഭിമാനമാണ് കളങ്കപ്പെട്ടതെന്നും ബിഷപ്പ് അവകാശപ്പെട്ടു.

അതെ സമയം 2003 മുതല്‍ 2017 വരെ തോമസ് ആന്റണി വാഴപ്പള്ളി ബിഷപ്പായി എത്തിയത് മുതലാണ് രൂപതയുടെ ഇരുണ്ട കാലം ആരംഭിച്ചതെന്ന് പോപ്പിന് അയച്ച കത്തില്‍ പുരോഹിതര്‍ പറയുന്നു. ഇതിന് ശേഷം നിലവിലെ ബിഷപ്പും അത് തുടരുന്നു. ഇത്രയും സദാചാരമില്ലാത്ത, അഴിമതിക്കാരനായ, ആത്മീയതയില്ലാത്ത, ബഹുമാനം നേടാത്ത വ്യക്തിയെ മൈസൂരു ബിഷപ്പായി ലഭിച്ചതില്‍ ദുഃഖവും, പശ്ചാത്താപവുമുണ്ട്, കത്ത് വ്യക്തമാക്കി.