ഡാളസ് : ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ചു ലാന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കേരളപ്പിറവി ആഘോഷപരിപാടിയില്‍ ഭരതകല തീയേറ്റേഴ്‌സിന്റെ ലഘു നാടകം ‘പ്രണയാര്‍ദ്രം’ അവതരിപ്പിക്കുകയുണ്ടായി. അമേരിക്കയിലെ സാഹിത്യകലാ സാംസ്‌ക്കാരിക നായകന്മാരുടെ സാന്നിധ്യത്തിലായിരുന്നു ‘പ്രണയാര്‍ദ്രം’അവതരിപ്പിച്ചത്.അതു കൊണ്ടു തന്നെ നിരീക്ഷകരായ ആസ്വാദകരുടെയും, പ്രതിഭകളായ ആസ്വാദകരുടെയും സാന്നിധ്യത്തില്‍ ഭരതകല തിയേറ്ററിന്റെ കലാകാരന്മാര്‍ മനം കവരുന്ന രീതിയില്‍ അരങ്ങു നിറഞ്ഞാടി. അമേരിക്കയിലെ നാടക ചരിത്രത്തില്‍ തന്നെ ഒരു പക്ഷേ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രമേയത്തോടുകൂടി ഒരു നാടകം വളരെ പുതുമയോടെ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. യവ്വനത്തിന്റെ നാള്‍ വഴികളിലൊക്കെ തന്നെ ആവര്‍ത്തിച്ചു കേള്‍ക്കുന്ന സ്‌നേഹത്തിന്റെ പ്രതീകാത്മകമായി അടിവരയിട്ടു പറയുന്ന വാലെന്റൈനെ കുറിചുള്ളതാണ് കഥ. കാലോചിതമായ മാറ്റങ്ങള്‍ വരുത്തിയും അഴകുള്ള സംഭാഷണത്തിലൂടെ കണ്ണും കരളും നിറക്കുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയും ‘പ്രണയാര്‍ദ്രം’അരങ്ങില്‍ ആ കഥാ സന്ദര്‍ഭം മിന്നലൊളിപോലെ വാരിവിതറി. മധുരമൂറുന്ന ആരും മൂളി പോകുന്ന ഒരു ഗാനവും ഇതിലുള്ളതിനാല്‍ ഉല്‍സുകരായ കലാസ്വാദകര്‍ക്ക് ആവേശം പകരുകയുണ്ടായി. ‘പ്രണയാര്‍ദ്രം’നാടകത്തിലെ സ്‌നേഹസംഭാഷണങ്ങള്‍ക്കൊണ്ട് തന്റെ ഉത്തുംഗ രചന സിദ്ധിയും വൈഭവവും ആസ്വാദക ഹൃദയങ്ങളില്‍ എത്തിക്കുവാന്‍ നാടകകൃത്ത് സലിന്‍ ശ്രീനിവാസിനു കഴിഞ്ഞു. സംവിധാനം ഹരിദാസ് തങ്കപ്പനും സഹ സംവിധാനം അനശ്വര്‍ മാമ്പിള്ളിയും നിര്‍വഹിചിരിക്കുന്നു. ഗാനരചന ഹരിദാസ് തങ്കപ്പന്‍, സംഗീതം ഷാലു ഫിലിപ്പ് ശബ്ദമിശ്രണം/പശ്ചാത്തല സംഗീതംബിനു ആന്റണി കലയംകണ്ടം (ഡബ്ലിന്‍)
ആലാപനം ഐറിന്‍ കലൂര്‍ രംഗ ക്രമീകരണം ക്രിസ് നായര്‍, വെളിച്ചം ക്രമീകരണം ജിജി പി സ്‌കറിയ നിര്‍വഹിചിരിക്കുന്നു. അഭിനേതാക്കള്‍ ഐറിന്‍ കലൂര്‍, ഷാജു ജോണ്‍, ജെയ്‌സണ്‍ ആലപ്പാടന്‍, അനുരഞ് ജോസഫ്, ഹാരിദാസ് തങ്കപ്പന്‍, അനശ്വര്‍ മാമ്പിള്ളി എന്നിവരാണ്. സിനിമ നടനും ബഷീര്‍ പുരസ്‌കാര ജേതാവുമായ തമ്പി ആന്റണി,കലാ സാഹിത്യ പ്രവര്‍ത്തകനും ജനനിയുടെ പത്രാധിപനുമായ ജെ മാത്യൂസ്, ലാനയുടെ ഭാരവാഹികലൊക്കെ തന്നെ നാടകത്തിന് പ്രശംസ നല്‍കുകയുണ്ടായി.






