കൊച്ചി: ആന്റോ ആന്റണി എം.പി മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് ഹൈക്കോടതി. കേസ് നിലനില്‍ക്കില്ലെന്ന ആന്റോ അന്റണിയുടെ വാദം ഹൈക്കോടതി തള്ളി. വീണാ ജോര്‍ജ് എം.എല്‍.എ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണാ ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.
പത്തനംതിട്ടയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആന്റോ ആന്റണി തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ പെരുമാറ്റചട്ട ലംഘനങ്ങള്‍ നടത്തിയെന്നാണ് കേസ്. ആന്റോ ആന്റണിയുടെ ഭാര്യ മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചെന്ന് വീണാ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇവര്‍ വിവിധ പെന്തക്കോസ്ത് വേദികളില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗങ്ങള്‍ നടത്തുകയും ഭര്‍ത്താവിനു വേണ്ടി പ്രചരണം നടത്തുകയും ചെയ്തെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇത്തരത്തിലുള്ള പ്രസംഗങ്ങള്‍ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനാല്‍ ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയാണെന്ന് കോടതി പറഞ്ഞു. കേസ് നവംബര്‍ 13ന് വീണ്ടും പരിഗണിക്കും.