ന്യുഡല്‍ഹി: ഡല്‍ഹി തീസ് ഹസാരി കോടതി വളപ്പില്‍ അഭിഭാഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷം ബുധനാഴ്ചയും തുടരുന്നു. പോലീസിനെ കോടതിയില്‍ കയറ്റാതെ അഭിഭാഷകര്‍ കോടതിയില്‍ പൂട്ടിയിട്ടു. പ്രവേശന കവാടം അടച്ചതോടെ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയവരും അഭിഭാഷകരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി.

സംഘര്‍ഷത്തില്‍ കുറ്റക്കാരായ പോലീസുകാരെ ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റു ചെയ്യണമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ധര്‍ണ്ണ അടക്കമുള്ള സമരപരിപാടികളിലേക്ക് കടക്കുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു. ബാര്‍ കൗണ്‍സില്‍ അഭിഭാഷകര്‍ക്കൊപ്പമാണ്. സംഘര്‍ഷത്തില്‍ ഉത്തരവാദികളായ അഭിഭാഷകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മന്നാന്‍ മിശ്ര ഉറപ്പ് നല്‍കി.അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം വേണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. ജഡ്ജിമാരുടെ സുരക്ഷാ ചുമതലയില്‍ നിന്ന് പിന്മാറുമെന്ന് പോലീസ് പറയുന്നു. കോടതിയെ ദുരുപയോഗിക്കുന്നത് അവകാശമല്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുകയാണെന്നും കോടതിയില്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

പട്യാല ഹൗസ്, സാകേത് ജില്ലാ കോടതയി, രോഹിണി ജില്ലാ കോടതി എന്നിവയിടങ്ങളിലെല്ലാം ഇന്ന് അഭിഭാഷകരുടെ പ്രതിഷേധം നടന്നു. കെട്ടിടത്തിനു മുകളില്‍ കയറി ഒരു അഭിഭാഷകന്‍ ആത്മഹത്യാ ഭീഷണിയും മുഴക്കി. അതേസമയം, അഭിഭാഷകനെതിരെ വെടിയുതിര്‍ന്ന കോണ്‍സ്റ്റബിളിനെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പറഞ്ഞു. തിങ്കളാഴ്ച പോലീസുകാരെ മര്‍ദ്ദിച്ച അഭിഭാഷകര്‍ക്കെതിരെ നടപടിയെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, സസ്‌പെന്‍ഷനിലായ പോലീസുകാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി. അഭിഭാഷകര്‍ക്കെതിരെ നടപടി പാടില്ലെന്നും കോടതി വ്യക്തമാക്കി. സാകേത് ജില്ലാ കോടതിയില്‍ നടന്ന സംഘര്‍ഷത്തില്‍ അഭിഭാഷകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അനുമതി തേടിയുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിലപാട് അറിയിച്ചത്. തിസ് ഹസാരി കോടതിയിലുണ്ടായ സംഘര്‍ഷത്തില്‍ ഈ മാസം രണ്ടിന് കോടതി ഇറക്കിയ ഉത്തരവില്‍ വ്യക്തത തേടി ആഭ്യന്തര മന്ത്രാലയം നല്‍കിയ അപേക്ഷയും കോടതി തള്ളിയിട്ടുണ്ട്. ഉത്തരവില്‍ വ്യക്തതയോ മാറ്റം വരുത്താനോ തയ്യാറാകാത്ത കോടതി ഉത്തരവ് അതിനാല്‍ തന്നെ വ്യക്തയുള്ളതാണെന്നും ചൂണ്ടിക്കാട്ടി.

നവംബര്‍ രണ്ടിനുണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത രണ്ട് എഫ്.ഐ.ആറുകളില്‍ അഭിഭാഷകര്‍ക്കെതിരെ ബലാത്കാരമായ ഒരു നടപടിയും പാടില്ലെന്ന് പറഞ്ഞ കോടതി, ആ ഉത്തരവ് നിര്‍ദിഷ്ട സംഭവത്തില്‍ മാത്രമാണെന്നും വ്യക്തമാക്കി. തിസ് ഹസാരി കോടതിയിലെ സംഘര്‍ഷം അന്വേഷണിക്കുന്നതിന് നിയോഗിച്ച ജുഡീഷ്യല്‍ പാനലിനെ ഈ കോടതിയില്‍ നിന്നുള്ള ഒരു നിരീക്ഷണത്തിന്റെയും സ്വാധീനമില്ലാതെ വേണം പ്രവര്‍ത്തിക്കാനെന്നും ചൂണ്ടിക്കാട്ടി.

അതേസമയം, അഭിഭാഷക-പോലീസ് സംഘര്‍ഷം മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. രാജസ്ഥാന്‍ അടക്കം പല സംസ്ഥാനങ്ങളിലും ഡല്‍ഹി പോലീസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പോലീസുകാര്‍ രംഗത്തെത്തി.