ജയ്പുര്‍: രാജസ്ഥാനിലെ സൈനിക വിന്യാസത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ഐ.എസ്.ഐ വനിതാ ഏജന്റിന് ചോര്‍ത്തി നല്കിയ രണ്ട് സൈനികരെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. പാക് ചാരസംഘടനയുടെ സവിശേഷ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥയ്ക്കാണ് ഇവര്‍ വിവരങ്ങള്‍ നല്‍കിയത്.
പൊഖ്റാനില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ രണ്ട് പേരെയാണ് ജോധ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവരെ ജയ്പുരിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.
ഇന്റര്‍നെറ്റ് ഫോണ്‍ കോളിലൂടെ പാക് വനിത വിരിച്ച വലയില്‍ സൈനികര്‍ കുടുങ്ങുകയായിരുന്നുവെന്ന് രാജസ്ഥാന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര വ്യക്തമാക്കി.
പഞ്ചാബി ഭാഷയില്‍ സംസാരിച്ച യുവതിക്ക് ഇവര്‍ വാട്സാപ്പിലൂടേയും ഫെയ്സ്ബുക്കിലൂടെയും വിവരങ്ങള്‍ കൈമാറുകയായിരുന്നു. രാജസ്ഥാനിലെ ആയുധ വിന്യാസവും മറ്റ് തന്ത്രപ്രധാന വിവരങ്ങളും ഇവര്‍ നല്‍കിയെന്നാണ് കരുതുന്നത്.
ലാന്‍സ് നായിക് രവി വര്‍മ, വിചിത്ര ബൊഹ്റ എന്നിവരാണ് സി.ബി.ഐ യും ഇന്റലിജന്‍സ് ബ്യൂറോയും ഒന്നിച്ചു നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്.