കൊച്ചി: തൃക്കാക്കര നഗരസഭാ ഭരണം യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത് എല്‍ഡിഎഫ്. യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്നാണ് ഭരണം എല്‍ഡിഎഫിന് ലഭിച്ചത്. സിപിഎമ്മിന്റെ ഉഷാ പ്രവീണ്‍ നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് എല്‍ഡിഎഫിന്റെ ജയം. കോണ്‍ഗ്രസ് അംഗം കെഇ മജീദിന്റെ വോട്ടാണ് അസാധുവായത്.

അതേസമയം കോഴ വാങ്ങി മജീദ് തങ്ങളെ ചതിക്കുകയായിരുന്നു എന്നാണ് യുഡിഎഫ് ആരോപണം. അരക്കോടി രൂപ കോഴ വാങ്ങി എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. തൃക്കാക്കര നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ അംഗബലം ആയിരുന്നു ഉണ്ടായിരുന്നത്.

നാല് വര്‍ഷത്തിനിടെ നഗരസഭയില്‍ നാലാം തവണയാണ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നത്.യുഡിഎഫിന്റെ അജിത തങ്കപ്പനെ ആണ് ഉഷാ പ്രവീണ്‍ തോല്‍പ്പിച്ചത്. കൂറ് മാറ്റത്തെ തുടര്‍ന്ന് മുന്‍ അധ്യക്ഷ ഷീല ചാരു അയോഗ്യയാക്കപ്പെട്ടതോടെയാണ് നഗരസഭയില്‍ വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 43 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് 21ഉം യുഡിഎഫിന് 22ഉം അംഗങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ ഷീല ചാരു ഇടത് പക്ഷത്തേക്ക് കൂറ് മാറിയതോടെ ഇരുകൂട്ടരുടേയും അംഗബലം തുല്യമായി. ഇതോടെ തിരഞ്ഞെടുപ്പ് നടത്തിയാല്‍ തുല്യവോട്ട് ലഭിക്കുമെന്ന നില വന്നു. അധ്യക്ഷയെ നറുക്കിട്ട് തീരുമാനിക്കേണ്ടി വരുമായിരുന്നുവെങ്കിലും ഒരു വോട്ട് അസാധുവായതോടെ എല്‍ഡിഎഫ് വിജയിക്കുകയായിരുന്നു. കെഇ മജീദ് ബാലറ്റ് പേപ്പറിന് പിന്നില്‍ ഒപ്പിടാതിരുന്നതോടെയാണ് വോട്ട് അസാധുവായത്. പിന്നാലെ കോഴ ആരോപണം ഉന്നയിച്ച്‌ യുഡിഎഫ് രംഗത്ത് വരികയും ചെയ്തു.