തിരുവനന്തപുരം : സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ കൊണ്ടുവന്ന അഭിഭാഷകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവാക്കിയത് 34 ലക്ഷം രൂപ. നിയമസഭയില്‍ മന്ത്രി എ.കെ ബാലനാണ് ഇക്കാര്യം അറിയിച്ചത്. ബന്ധുക്കളുടെ അപ്പീലിനെ എതിര്‍ക്കാന്‍ കേരളത്തിന് പുറത്തുനിന്നാണ് പിണറായി സര്‍ക്കാര്‍ അഭിഭാഷകരെ കൊണ്ടു വന്നത്.

കണ്ണൂര്‍ മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ എതിര്‍ക്കാനാണ് സര്‍ക്കാര്‍ 34 ലക്ഷം രൂപ ചെലവിട്ട് പുറത്ത് നിന്ന് അഭിഭാഷകരെ കൊണ്ടുവന്നത്. വിജയ് ഹന്‍സാരിയ, അമരേന്ദ്രര്‍ ശരണ്‍ സീനിയര്‍ എന്നി അഭിഭാഷകരെയാണ് കൊണ്ടുവന്നത്.

അമരേന്ദ്രര്‍ ശരണിന് 22 ലക്ഷം രൂപ അനുവദിച്ചെങ്കിലും കൈമാറിയിട്ടില്ല . ഇതു സംബന്ധിച്ച്‌ സണ്ണി ജോസഫ് എം.എല്‍. എയുടെ ചോദ്യത്തിന് നിയമസഭയില്‍ നിയമമന്ത്രി എ കെ ബാലന്‍ നല്‍കിയ മറുപടിയില്‍ കേസ് നമ്ബര്‍ മാത്രമാണ് നല്‍കിയിരുന്നത്. ഏത് കേസാണെന്നോ വിശദാംശങ്ങളോ നല്‍കിയിട്ടില്ല. രേഖാ മൂലം നല്‍കിയ മറുപടിയില്‍ ഷുഹൈബിന്റെ പേര് പോലും പരാമര്‍ശിച്ചിട്ടില്ല. ഷുഹൈബിന്റെ പിതാവ് സി.പി മുഹമ്മദ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്വേഷണം. അനുവദിച്ചു. 34 ലക്ഷം രൂപക്ക് അഭിഭാഷകരെ കൊണ്ടുവന്നാണ് സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ എതിര്‍ത്തത്.സമാനമായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സി.പി.എംകാരായ പ്രതികളെ രക്ഷിക്കാന്‍ ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നു പ്രതിപക്ഷം ആരോപിച്ചു.