ഹൂസ്റ്റൺ: സൗന്ദര്യത്തിന് മലയാളത്തികവ് നൽകിയ മനം കവർന്ന മിസ് മലയാളീ യുഎസ്എ 2018 നും ചരിത്രവിജയമായി മാറിയ “ദേശി സൂപ്പർസ്റ്റാർ 2019 നും ശേഷം അമേരിക്കയിലെ കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായി മാറിയ ലക്ഷ്മി പീറ്റർ ഒരുക്കിയ “മിസ്സ് മലയാളീ യുഎസ്എ 2019” വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വർണവിസ്മയമായി മാറി.

ഒക്ടോബർ 26 നു ശനിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക്  സ്റ്റാഫോർഡിലെ സെന്റ് ജോസഫ് ഹാളിൽ വച്ചായിരുന്നു സൗന്ദര്യമൽസരം. വനിതകൾക്ക് മാത്രമല്ല അമേരിക്കയിൽ ആദ്യമായി പുരുഷന്മാർക്കു വേണ്ടി  ‘മിസ്റ്റർ മലയാളി യുഎസ്എ  2019’ മൽസരവും നടത്തി ലക്ഷമി പീറ്റർ മലയാളി സൗന്ദര്യാസ്വാദക മനസ്സുകളിൽ ഇടം നേടി.

കേരളത്തനിമയും സംസ്കാരവും സമന്വയിപ്പിച്ചു ചെണ്ടമേളത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രശസ്ത സിനിമാ താരം മനിയ നായിഡു വേദിയിലേക്ക് പ്രവേശിച്ചപ്പോൾ സദസ്സിൽ നിന്ന് നിറഞ്ഞ   കരഘോഷം മുഴങ്ങി. ഇതുപോലെയുള്ള പരിപാടികളിൽ കൂടി നമ്മുടെ ഈടുറ്റ സംസ്കാരവും കലാ പാരമ്പര്യവും മറ്റും  സമൂഹത്തിൽ പ്രതിഫലിയ്ക്കട്ടെയെന്നു മാനിയ ആശംസിച്ചു,

മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിൽ “മിസ് ടീൻ  മലയാളീ യു എസ് എ”  വിഭാഗത്തിൽ അലീഷാ സാൽബി ഒന്നാം സ്ഥാനം കരസ്ഥമാക്കി വിജയ കിരീടമണിഞ്ഞു. അലീനായും ഗീതു സുരേഷും രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി.

“മിസ്സസ് മലയാളീ യുഎസ്എ” വിഭാഗത്തിൽ സ്വാതി ശങ്കർ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സ്വാതി അനന്തരാമനും ജുവി ജോണും രണ്ടും മൂന്നും സ്ഥാനത്തെത്തി.

അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി  അരങ്ങേറിയ “മിസ്റ്റർ മലയാളീ 2019”  കിരീടത്തിനു വേണ്ടി ശക്തമായ മത്സരമാണ് നടന്നത്. ട്വിസ്റ് റൗണ്ടിൽ തന്റെ വ്യത്യസ്ത വസ്ത്രധാരണ ശൈലിയിൽ കൂടി കേരളത്തിലെ കേരള ഉത്സവം പ്രദർശിപ്പിച്ചു  കൈയടി നേടിയ സുബിൻ ബാലകൃഷ്ണൻ വിജയ കിരീടം അണിഞ്ഞു. നല്ലൊരു ഗായകൻ കൂടിയായ  റോജർ നെല്ലിമറ്റം രണ്ടാം സ്ഥാനം നേടിയപ്പോൾ രെമാശങ്കർ നായർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അവസാന റൗണ്ടിൽ കേരളത്തിലെ  പ്രളയദുരണത്തിൽ പെട്ടവരെ സഹായിക്കുവാൻ എത്തിയ രക്ഷാനായകന്മാരായ  മൽസ്യത്തൊഴിലാളികളുടെ വസ്ത്രശൈലിയിൽ എത്തിയ   രെമാശങ്കർ നായർ സദസിന്റെ കണ്ണുകളെ ഈറനണിയിച്ചു.

നാല് മണിക്കൂർ നീണ്ടു നിന്ന വർണവിസ്മയം തീർത്ത പരിപാടികളിലുടനീളം കരഘോഷങ്ങളുയർന്നു  പ്രമുഖ പിന്നണി ഗായകൻ വില്യം ഐസക് കാണികളോടൊപ്പം അടിപൊളി പാട്ടുകളുമായി അരങ്ങു കയ്യിലെടുത്തു. നല്ലൊരു ഗായിക കൂടിയായ ലക്ഷ്മി പീറ്ററും കർണാനന്ദകാരമായ ഗാനങ്ങൾ പാടി. ഖുഷ്ബൂ ഡാൻസ്ഗ്രൂപ്പ്, നൂപുര സ്കൂൾ ഓഫ് ആർട്സ്, ശ്യാം ആൻഡ് ടീം എന്നിവർ വിവിധ നൃത്തപരിപാടികൾക്ക് നേതൃത്വം നൽകി.

വൻ വിജയമായി തീർന്ന  സൗന്ദര്യ ഉത്സവത്തിന്റെ സ്റ്റൈലിസ്റ്റായി സിൽവി വർഗീസും പേഴ്സണാലിറ്റി കോച്ചായി ഷീബ ജേക്കബും പ്രവർത്തിച്ചു. റാമ്പ് കോച്ച് ഡോ. അബ്ദുള്ളയായിരുന്നു.

സൗന്ദര്യ ഉത്സവത്തിന്റെ വിധി കർത്താക്കളായി എത്തിയത് സിനിമ നടി മനിയ നായിഡു, ഡിജെ ധോലി ദീപ്, റോഷ് രാജൻ, ഡോ. അബ്ദുള്ള കുദ്രത്, എ.സി. ജോർജ്, ഹിന്ന അക്തർ, അഭിയ ഒലീവിയ, രജി ജോസെഫ്, ഡോ.നിഷ സുന്ദരഗോപാൽ എന്നിവരാണ്.

ലെക്സിയ ജേക്കബ്, റെയ്ന റോക്ക്, ഹീരാ രമാശങ്കർ, ലക്ഷ്മി ഹരിദാസ്, റെസ്‌മി സുരേന്ദ്രൻ, ജൂലിയറ്റ് ജോർജ് എന്നിവർ എംസി മാരായി പരിപാടികൾ നിയന്ത്രിച്ചു.

ഈ സൗന്ദര്യ മത്സരം മികവുറ്റതും ഉജ്ജ്വലവുമാക്കി മാറ്റാൻ സഹായിച്ച എല്ലാവരോടുമുള്ള നന്ദി  പരിപാടിയുടെ ഡയറക്ടർ ലക്ഷ്മി പീറ്റർ അറിയിച്ചു.

റിപ്പോർട്ടർ : ജീമോൻ റാന്നി