പാലക്കാട് : മഞ്ചക്കണ്ടിയില്‍ നിന്ന് മാവോയിസ്റ്റുകളുടെ ആക്രമണപദ്ധതിയുടെ ഡയറിക്കുറിപ്പുകള്‍ കണ്ടെത്തി. ഭൂപ്രകൃതി അനുസരിച്ച്‌ ആക്രമണം നടത്തേണ്ട രീതികളാണ് കുറിപ്പുകളില്‍ വിവരിക്കുന്നത്. പശ്ചിമഘട്ടത്തിലെ ഭൂപ്രകൃതി കണക്കിലെടുത്ത് ഓരോ സ്ഥലത്തും വ്യത്യസ്തമായ ആക്രമണപദ്ധതികളാണ് നടപ്പാക്കേണ്ടതെന്ന് ഡയറിക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. രേഖാചിത്രങ്ങള്‍ അടങ്ങിയ ഡയറിക്കുറിപ്പുകള്‍ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

വയനാട്ടില്‍ നാടുകാണി, മലപ്പുറത്ത് കബനി, അട്ടപ്പാടിയില്‍ ഭവാനി എന്നിങ്ങനെ ദളങ്ങള്‍ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം നടക്കുന്നത്. ഓരോ ദളങ്ങളും വ്യത്യസ്തമായ തരത്തില്‍ ആക്രമണങ്ങള്‍ നടത്തണം. അതിനായി ഏത് രീതിയില്‍ പരിശീലനം നടത്തണം, ഏത് രീതിയില്‍ അതിന്‍രെ തയ്യാറെടുപ്പുകള്‍ നടത്തണം എന്നതുള്‍പ്പെടെയുള്ള ഡയറിക്കുറിപ്പുകളാണ് പുറത്തുവന്നത്.

കേരളത്തിലെ മാവോയിസ്റ്റുകള്‍ക്ക് , ജാര്‍ഖണ്ഡ്, ഛത്തീസ് ഗഡ് അടക്കമുള്ള മാവോയിസ്റ്റ് സംഘടനകളുടെ പിന്തുണയുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നാണ് ഈ നിര്‍ണായക രേഖകളും തെളിവുകളും പൊലീസിന് ലഭിച്ചത്. ഇവരുടെ ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ് അടക്കമുള്ളവയും പൊലീസിന് ലഭിച്ചിട്ടുണ്ട്. മഞ്ചക്കണ്ടി ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട മാവോയിസ്റ്റ് ദീപക് പരിശീലനം നടത്തുന്ന ദൃശ്യങ്ങളും ഉള്‍പ്പെടുന്നതായി സൂചനയുണ്ട്. ഇവ പൊലീസ് പരിശോധിച്ചുവരികയാണ്.

ഛത്തീസ്ഗഡ് സ്വദേശിയായ ദീപക് ഷാര്‍പ്ഷൂട്ടറാണ്. സായുധ സംഘാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന കമാന്‍ഡോ കൂടിയാണ് ദീപക് എന്നാണ് സംശയം. മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റിക്ക് അയച്ചുകൊടുക്കാനെടുത്ത പരിശീലനദൃശ്യങ്ങളാകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം. അതിനിടെ അറസ്റ്റിലായ താഹയുടെ മാവോയിസ്റ്റ് ബന്ധം തുടങ്ങുന്നത് നിലമ്ബൂരില്‍ പൊലീസ് വെടിവെപ്പില്‍ കുപ്പു ദേവരാജ് കൊല്ലപ്പെട്ടതോടെയെന്ന് പൊലീസ് സൂചിപ്പിച്ചു. കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് അനുഭാവികള്‍ വഴിയാണ് ബന്ധം സ്ഥാപിച്ചത്. പിന്നീട് താഹ മാവോയിസ്റ്റ് കേഡറായി മാറിയെന്നും പൊലീസ് പറയുന്നു.

പൊലീസ് പിടികൂടിയ അലന്റെയും താഹയുടെയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ രഹസ്യ കോഡുകള്‍ അടങ്ങിയ പുസ്തകങ്ങളിലെ വിവരങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഓരോ സംസ്ഥാനത്തും ഓരോ തരത്തിലുള്ള കോഡുകളാണ് അവര്‍ ഉപയോഗിക്കുന്നത്. അലന്‍ ആറു ഫോണുകള്‍ ഉപയോഗിച്ചിരുന്നു. ഫോണ്‍വിളിച്ചവരില്‍ നിന്ന് വിശദാംശങ്ങല്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് സൂചിപ്പിച്ചു. ജയിലില്‍ കഴിയുന്ന താഹയുടെയും അലന്റെയും ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.