ദുബായ്: ശൈഖ് സായിദ് റോഡിലെ 14 വരി പാതയില്‍ ഒരെണ്ണം വെള്ളിയാഴ്ച പൊതുജനങ്ങളുടെ റണ്ണിങ് ട്രാക്കായി മാറും. അതോടെ ദുബായ് ഫിറ്റ്‌നസ് ചലഞ്ച് ചരിത്രം സൃഷ്ടിക്കും. ചലഞ്ചിന്റെ ഭാഗമായി ശൈഖ് സായിദ് റോഡില്‍ സംഘടിപ്പിക്കുന്ന ദുബായ് റണില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പങ്കെടുക്കാം. അഞ്ച് കിലോമീറ്റര്‍, പത്ത് കിലോമീറ്റര്‍ എന്നിങ്ങനെ രണ്ട് തരത്തിലാണ് ദുബായ് റണ്‍ നടക്കുക. അഞ്ച് കിലോമീറ്റര്‍ ഓട്ടത്തില്‍ എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാം. 10 കിലോമീറ്റര്‍ മാരത്തണ്‍ ഓട്ടത്തില്‍ 18 വയസ്സോ അതില്‍കൂടുതലോ ഉള്ളവര്‍ക്കാണ് പങ്കെടുക്കാവുന്നത്. എന്നാല്‍ 80 മിനിറ്റിനകം ഓട്ടം പൂര്‍ത്തിയാക്കണം. രണ്ട് റൂട്ടുകളും ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍നിന്ന് ആരംഭിക്കും.

10 കിലോമീറ്റര്‍ ഓട്ടം ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡുവഴി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബോളിവാര്‍ഡിലേക്കും അതുവഴി ഹാപ്പിനെസ് സ്ട്രീറ്റിലൂടെ വേള്‍ഡ് ട്രേഡ് സെന്ററില്‍ അവസാനിക്കും. ശൈഖ് സായിദ് റോഡിലെ സമാനവഴിയിലൂടെ തന്നെയായിരിക്കും അഞ്ചുകിലോമീറ്റര്‍ ഓട്ടവും. ഡി.ഐ.എഫ്.സി.യുടെ ബഹുനില കെട്ടിടങ്ങള്‍കടന്ന് ഹെയര്‍പിന്‍വളവ് തിരിഞ്ഞ് എമിറേറ്റ്‌സ് ടവര്‍ വഴി ഹാപ്പിനെസ് സ്ട്രീറ്റിലൂടെ വേള്‍ഡ് ട്രേഡ് സെന്ററില്‍ അഞ്ചുകിലോമീറ്റര്‍ അവസാനിക്കും.

പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാം. റേസ് കിറ്റുകള്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍നിന്ന് വൈകീട്ട് നാല് മുതല്‍ രാത്രി 10 വരെ ലഭിക്കും. ദുബായ് റണ്‍ നടക്കുന്ന ദിവസം പങ്കെടുക്കുന്നവര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്ററില്‍ പാര്‍ക്കിങ് സൗജന്യമാണ്. രണ്ടുലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുക.