തിരുവനന്തപുരം: മാവോയിസ്റ്റുകളെ വഴി തെറ്റിയ വിപ്ലവകാരികളായി കണക്കാക്കാനാകില്ലെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. പ്രത്യയ ശാസ്ത്രപരമായ ഒരു നിലപാടും ഇവര്‍ക്ക് അവകാശപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാവോയുടെ പേരുപയോഗിച്ച് ജനാധിപത്യ-പുരോഗമന ശക്തികളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് മാവോയിസ്റ്റുകള്‍. ഇന്നത്തെ സ്ഥിതിഗതികളെ മാര്‍ക്‌സിസത്തിന്റെയും മാവോ സെതുങ്ങിന്റയും കാഴ്ചപ്പാടുകളനുസരിച്ച് വിലയിരുത്തുകയോ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയോ ചെയ്യാത്തവരാണിവരെന്നും എന്നും എസ്. രാമചന്ദ്രന്‍ പിള്ള വിമര്‍ശിച്ചു.
‘1960കളിലും 70കളിലും ആശയപരമായി സി.പി.ഐ.എമ്മില്‍ നിന്ന് വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച പല ഗ്രൂപ്പുകളും ഉണ്ടായിട്ടുണ്ട്. നക്‌സലൈറ്റുകള്‍, വിവിധ മാര്‍ക്‌സിസ്റ്റ് ഗ്രൂപ്പുകള്‍ തുടങ്ങിയവയെയാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ അത്തരം ഗ്രൂപ്പുകളില്‍ നിന്ന് തികച്ചും വ്യത്യസ്തരാണ് മാവോയിസ്റ്റുകള്‍. മാവോയുടെ പേരുപയോഗിച്ച് ജനാധിപത്യ പുരോഗമന ശക്തികളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നവരാണിവര്‍. മാവോയിസ്റ്റുകളെന്ന് അവകാശപ്പെടുന്ന ഇവര്‍ക്ക് മാര്‍ക്‌സിസവുമായോ മാവോയുമായോ മാവോയുടെ ആശയവുമായോ പ്രവര്‍ത്തന സമ്ബ്രദായങ്ങളുമായോ ഒരു ബന്ധവുമില്ല. ഇന്നത്തെ സ്ഥിതിഗതികളെ മാര്‍ക്‌സിസത്തിന്റെയും മാവോ സെതുങ്ങിന്റയും കാഴ്ച്ചപ്പാടുകളനുസരിച്ച് വിലയിരുത്തുകയോ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുകയോ ചെയ്യാത്തവരാണിവര്‍. പ്രത്യയ ശാസ്ത്രപരമായ ഒരു നിലപാടും ഇവര്‍ക്കില്ല’. എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ഒരു ജനകീയ സമരത്തിന്റെ മുന്‍പന്തിയിലും ഇവരെ കാണാനാകില്ലെന്നും അവര്‍ ആയുധമെടുക്കുന്നത് സ്വന്തം കാര്യത്തിനു വേണ്ടിയാണെന്നും മാവോസെതുങ്ങിന്റെ പേര് ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്തവരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു ജനകീയ സമരത്തിന്റെ മുന്‍പന്തിയിലും ഇവരെ കാണാറില്ല. അവര്‍ ആയുധമേന്തുന്നത് സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മാത്രമാണ്. മാവോ സെതുങ്ങിന്റെ പേര് ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്തവരാണിവര്‍. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തു കൊണ്ട് ജനങ്ങളെ അണിനിരത്താനാണ് മാവോ സെതുങ് പരിശ്രമിച്ചത്. ജനങ്ങളില്‍ നിന്നു പഠിച്ച് ജനങ്ങളെ നയിക്കുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. ദശലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തിയാല്‍ മാത്രമേ സാമൂഹ്യമാറ്റം നേടാനാകൂ. ഒറ്റപ്പെട്ട ഭീകരപ്രവര്‍ത്തനങ്ങളും സാഹസികനടപടികളും കൊണ്ട് ജനങ്ങളെ അണിനിരത്താനാകില്ല’- എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
ഭരണകൂട ഭീകരതയെപ്പറ്റി മാത്രമാണ് അവര്‍ സംസാരിക്കുന്നതെന്നും ഏത് വര്‍ഗാധിപത്യത്തിന്റെ ഉപകരണമാണ് ഭരണകൂടമെന്ന് അവര്‍ക്ക് വ്യക്തമാക്കാന്‍ കഴിയുന്നില്ലെന്നും ജനവിരുദ്ധ സര്‍ക്കാരായ ബി.ജെ.പിയെയും ജനതാല്‍പര്യം സംരംക്ഷിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെയും ഒന്നായി കാണുന്നവരാണിവരെന്നും അദ്ദേഹം പറഞ്ഞു.