കൊല്ലം : ലോണിന്റെ പലിശ മുഴുവനും അടച്ചുതീര്‍ക്കാന്‍ തയ്യാറായിട്ടും ബാങ്ക് ജപ്തിനടപടിയുമായി മുന്നോട്ട് . കൊല്ലം നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെയാണ് വീട്ടുകാര്‍ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. വായ്പ കുടിശിക അടച്ചു തീര്‍ക്കാന്‍ തയ്യാറായിട്ടും സഹകരണ ബാങ്ക് ഏറ്റെടുത്ത ഭൂമി വിട്ടു നല്‍കുന്നില്ലെന്ന് പരാതി. അതേസമയം, നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് വസ്തു ഏറ്റെടുത്തതെന്ന് ബാങ്ക് വിശദീകരിച്ചു.

വായ്പ എടുത്തത് സംബന്ധിച്ച്‌ ഭൂമി ഉടമ പാരിപ്പള്ളി നടയ്ക്കല്‍ സ്വദേശിയായ രാധാകൃഷ്ണക്കുറുപ്പ് പറയുന്നതിങ്ങനെ, ഇരുപതു ലക്ഷം രൂപ ഇരുപതുവര്‍ഷം മുമ്ബ് വായ്പ എടുത്തിരുന്നു. സഹകരണ ബാങ്കിനോട് ചേര്‍ന്ന് ദേശീയപാതയോരത്തുള്ള 25 സെന്റ് സ്ഥലം ഈട് നല്‍കിയായിരുന്നു വായ്പയെടുത്തത്.

വ്യവസായിക ആവശ്യത്തിന് എടുത്ത വായ്പ്പ മുടങ്ങിയതോടെ സഹകരണ ബാങ്ക് ജപ്തി നടപടികള്‍ ആരംഭിച്ചു. ഇതോടെ രാധാകൃഷ്ണകുറുപ്പും കുടുംബവും കോടതിയെ സമീപിച്ചു. നിയമ പോരാട്ടത്തിനൊടുവില്‍ 88 ലക്ഷം രൂപ നല്‍കിയാല്‍ ഭൂമി വിട്ടു നല്‍കണമെന്ന് 2015 ല്‍ കോടതി ഉത്തരവിട്ടു. 58 ലക്ഷം രൂപ അടച്ചു.

ബാക്കി തുക അടച്ച്‌ തീര്‍ക്കാന്‍ സമയം ആവശ്യപ്പെട്ടിങ്കിലും ബാങ്ക് അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതിനെതിരെ കുടുംബം കോടതിയില്‍ നല്‍കിയ കേസ് തന്ത്രപരമായി പിന്‍വലിപ്പിച്ച ശേഷം കോടികള്‍ വിലവരുന്ന ഭൂമി ബാങ്ക് കൈവശപ്പെടുത്തിയെന്നാണ് പരാതി. വായ്പ തിരിച്ചടയ്ക്കാന്‍ പല അവസരം നല്‍കിയെന്നാണ് ബാങ്കിന്റെ വിശദീകരണം.