ന്യൂയോര്‍ക്ക്: സെന്റ് തോമസ് മാര്‍ത്തോമാ ഇടവക സന്ദര്‍ശിച്ച മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍  അഭിവന്ദ്യ ജോസഫ്  മാര്‍ത്തോമ്മാ  മെത്രാപ്പോലീത്തയ്ക്ക് ഇടവകയില്‍ ഉജ്വല്ല സ്വീകരണം നല്‍കി. ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാന ആരംഭിച്ചു. കുര്‍ബാന മധ്യേ തിരുമേനി നിങ്ങള്‍ തിരിഞ്ഞു ശിശുക്കളെ പോലെ ആകണം എന്ന കര്‍ത്താവിന്റെ വാക്കുകള്‍ ഓര്‍മിപ്പിച്ചു.
ആരാധനയ്ക്കു ശേഷം കൂടിയ പൊതുസമ്മേളനത്തില്‍ ഇടവക വികാരി സാജു സി. പാപ്പച്ചന്‍ ആദ്യക്ഷം  വഹിച്ചു. ഇടവക വൈസ് പ്രസിഡന്റ് ശ്രി പി.ടി. തോമസ് , ഹൃദയം നിറഞ്ഞ സന്തോഷത്തോടും മനസ്സുനിറഞ്ഞ ആദരവോടും കൂടി  തിരുമേനിയെ സെയിന്റ് തോമസ് മാര്‍ത്തോമാ ഇടവകയിലേക്കു ആദരവുപൂര്‍വം സ്വാഗതം ചെയ്തു. തിരുമേനിയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം സഭയ്ക്കു നേടിത്തന്ന നേട്ടങ്ങളെക്കുറിച്ചും  ശ്രീ  പി.ടി. തോമസ് സംസാരിച്ചു. ഇടവക ട്രെഷറര്‍ ശ്രി ജോസന്‍ ജോസഫ് തിരുമേനിക്ക് പൂച്ചെണ്ടുകള്‍ സമ്മാനിച്ചു. തിരുമേനി സമുന്നതമായ മറുപടി പ്രസംഗം നടത്തി. റവ. ഡോക്ടര്‍ ഫിലിപ്പ് വര്ഗീസ്, റവ ജെസ് ജോര്‍ജ്, റവ അജുഷ് എബ്രഹാം സക്കറിയാ എന്നിവരും സന്നിഹിതരായിരുന്നു.