ന്യൂയോര്‍ക്ക്: അറ്റ്ലാന്‍റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോർട്ടിൽ 2020 ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന ഫൊക്കാനയുടെ അന്തർദ്ദേശീയ കൺവൻഷനോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തിന്‍റെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ആയി ഫൊക്കാന ട്രസ്റ്റിബോർഡ് മെംബർ ഡോ. മാത്യു വര്‍ഗീസിനേയും സ്‌പെല്ലിംഗ് ബീ ചെയർമാൻ ആയി ഫൗണ്ടേഷൻ വൈസ് ചെയർ സണ്ണി മറ്റമന, വൈസ് ചെയർമാൻ ആയി ജോര്‍ജ് ഓലിക്കല്‍ എന്നിവരെ നിയമിച്ചു.

ന്യൂയോർക്ക്, ന്യൂജേഴ്സി ,പെൻസിൽവേനിയ ,ഷിക്കാഗോ, ഡിട്രോയിറ്റ്, ടെക്സസ് , ഫ്ലോറിഡ, കലിഫോർണിയ, കാനഡ എന്നീ റീജണുകളില്‍ മല്‍സരങ്ങള്‍ നടത്തി ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടന്നു കുട്ടികള്‍ക്ക് ജൂലൈ 9 മുതല്‍ നാലു ദിവസങ്ങളിലായി നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ നടക്കുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. അഞ്ചു മുതല്‍ ഒമ്പതാം ക്ലാസില്‍ വരെ പഠിക്കുന്ന കുട്ടികാള്‍ക്ക് മത്സരത്തിൽ പങ്കെടുക്കാം. നാഷണല്‍ മത്സരത്തില്‍ ഒന്നും രണ്ടും മുന്നും സ്ഥനങ്ങള്‍ നേടുന്നവര്‍ക്ക് മുന്‍ വര്‍ഷങ്ങളിലേതുപോലെ കാഷ് അവാര്‍ഡും,ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കും.

കുട്ടികള്‍ക്കും,യുവജനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്ന കണ്‍വന്‍ഷനാണ് ബാലിസ് കാസിനോ റിസോർട്ടിൽ അരങ്ങേറുക. അമേരിക്കന്‍ മണ്ണില്‍ വളര്‍ന്നു വരുന്ന നൂറുകണക്കിന് പ്രതിഭകള്‍ നമുക്കുണ്ട്. അവരെ പ്രോത്സാഹിപ്പിക്കേണ്ടതും നമ്മുടെ കടമയാണ്. നാം എപ്പോഴും കേരളത്തിലെ കുട്ടികൾക്കുവേണ്ടി പലതും ചെയ്യും പക്ഷേ അമേരിക്കയിൽ വളരുന്ന നമ്മുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടത് ഫൊക്കാനയുടെ കർത്തവ്യം കൂടിയാണ്. കണ്‍വന്‍ഷനു മുന്നോടിയായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നിരവധി മത്സരങ്ങള്‍ റീജൺ തലങ്ങളില്‍ സംഘടിപ്പിക്കുകയും നാഷണല്‍ കണ്‍വന്‍ഷന്‍ വേദിയില്‍ അവരെ ആദരിക്കുകയും ചെയ്യും.

പുതിയ ഭാരവാഹികളെ പ്രസിഡന്‍റ് മാധവൻ ബി നായർ , സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷർ സജിമോൻ ആന്‍റണി ,ട്രസ്റ്റി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്,എക്സ്. വൈസ് പ്രസിഡന്‍റ് ശ്രീകുമാർ ഉണ്ണിത്താൻ, നാഷണൽ കോഓർഡിനേറ്റർ പോൾ കറുകപ്പള്ളിൽ,വൈസ് പ്രസിഡന്‍റ് എബ്രഹാം കളത്തിൽ , ജോയിന്‍റ് സെക്രട്ടറി സുജ ജോസ്, അഡീഷണൽ ജോയിന്‍റ് സെക്രട്ടറി വിജി നായർ, ജോയിന്‍റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്‍റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്. വിമെൻസ് ഫോറം ചെയർ ലൈസി അലക്സ്, കൺവൻഷൻ ചെയർ ജോയി ചക്കപ്പൻ എന്നിവർ അഭിനന്ദിച്ചു.