ടാന്പ: കാൽ നൂറ്റാണ്ടിൽ അധികമായി സാമൂഹിക സാംസ്കാരിക മേഖലകളിൽ മികവുറ്റ സംഘടനാ പ്രവർത്തനങ്ങൾ വഴി ശ്രദ്ധേയനായ സണ്ണി മറ്റമന ഫൊക്കാനാ (2020–2022) ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു.

കോളജ് പഠനകാലത്ത് 1983 ൽ കോതമംഗലം എംഎ കോളജ് യൂണിയൻ ജനറൽ സെക്രട്ടറി, CMFRIകൊച്ചിയുടെ റിസർച്ച് സ്കോളർ അസോസിയേഷൻ പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്നു ഫ്ലോറിഡയിൽ എത്തിയ സണ്ണി 2009 ൽ മലയാളി അസോസിയേഷൻ സെക്രട്ടറി, 2011–ൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2014–16 കാലഘട്ടത്തിൽ ഫൊക്കാന റീജണൽ വൈസ് പ്രസിഡന്റ്, 2016- 2018 അഡീഷണൽ ജോയിന്റ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ച സണ്ണി നിലവിൽ മലയാളി അസോസിയേഷൻ ഓഫ് റ്റാമ്പയുടെ അഡ്‌വൈസറി ബോർഡ് ചെയർമാനായി പ്രവർത്തിക്കുന്നു.2017–ൽ ഫൊക്കാന കുറ്റപുഴ ആദിവാസി മേഖലകളിലെ സ്കൂൾ കമ്പ്യൂട്ടർ വൽകരിച്ചതിന്റെ മുഖ്യ പങ്ക് വഹിച്ചു. കേരളത്തിലെ എച്ച്ഐവി ബാധിച്ച കുട്ടികളെ സഹായിക്കുന്ന ഫൊക്കാനയുടെ സ്വാന്ത്വനം സംരംഭത്തിന്റെ കോ ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്ന സണ്ണി 2018 ൽ ഇന്തോ അമേരിക്കൻ പ്രസ് ക്ലബിന്‍റെ മികച്ച സാമൂഹ്യ സേവനത്തിനുള്ള അവാർഡിനു അർഹനായി. ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ടാൽ ഫൊക്കാനയെ കൂടുതൽ ഉയർച്ചയിലേക്ക് നയിക്കുവാനും, ഫൊക്കാനയുടെ 2021 ലെ കൺവൻഷൻ ഏറ്റവും ചിലവ് ചുരുക്കി ജനകീയ കൺവൻഷൻ ആക്കാനും പരമാവധി ശ്രമിക്കുമെന്ന് സണ്ണി ഉറപ്പു നൽകി.

റിപ്പോർട്ട്: ജോസ്മോൻ തത്തംകുളം