ഡല്‍ഹിയില്‍ പൊലീസുകാര്‍ നടത്തി വന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. പരുക്കേറ്റ പൊലീസുകാര്‍ക്ക് 25,000 രൂപ നഷ്ടപരിഹാരം നല്‍കും. അക്രമം നടത്തിയ അഭിഭാഷകര്‍ക്കെതിരെ നടപടിയുണ്ടാകും.

സമരം നടത്തിയ പൊലീസുകാരോട് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസുകാര്‍ക്കെതിരായ അക്രമം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പരുക്കേറ്റ പൊലീസുകാര്‍ക്കായി നീതി പൂര്‍വമായ നടപടികള്‍ കൈക്കൊള്ളുമെന്നും കമ്മീഷണര്‍ സമരക്കാര്‍ക്ക് ഉറപ്പു നല്‍കി.

പൊലീസുകാരുടെ സസ്പെന്‍ഷനും സ്ഥലംമാറ്റവും റദ്ദാക്കുക, പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യുക, പരുക്കേറ്റ പൊലീസുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, അഭിഭാഷകരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തരവ് പിന്‍വലിക്കുക, അക്രമികളായ അഭിഭാഷകരുടെ ലൈസന്‍സ് റദ്ദാക്കുക തുടങ്ങി അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പൊലീസുകാര്‍ സമരം നടത്തിയത്.