കോട്ടയം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ ന്യായീകരണവുമായി ചീഫ് സെക്രട്ടറി ടോം ജോസ്. ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ തീവ്രവാദികള്‍ തന്നെയാണ്. ഒരു തരത്തിലും ഇത്തരം ആശയങ്ങളെ ന്യായീകരിക്കാന്‍ സാധിക്കില്ല.

അട്ടപ്പാടിയില്‍ പോലീസ് പൂര്‍ത്തിയാക്കിയത് അവരുടെ ചുമതലമാത്രം. ജനങ്ങളെ മാവോയിസ്റ്റ് തീവ്രവാദികളില്‍ നിന്ന് സംരക്ഷിക്കുക മാത്രമാണ് പോലീസ് ചെയ്തത്. മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശത്തിന് അര്‍ഹതയില്ല. ഒരു ഇംഗ്ലീഷ് ലേഖനത്തില്‍ എഴുതിയ ലേഖനത്തിലാണ് ടോം ജോസ് ഇക്കാര്യം വ്യക്തമാക്കിയത്.

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനും താഹാ ഫസലിനും മേല്‍ ചുമത്തിയ യുഎപിഎ നീക്കില്ല. ജാമ്യഹര്‍ജി പരിഗണിക്കുമ്ബോള്‍ ഇക്കാര്യം ഇന്ന് കോടതിയെ അറിയിക്കുമെന്നും പോലീസ്.

അതേസമയം, ജാമ്യം ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അലന്റെ അമ്മ സബിതാ മഠത്തില്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിയുമായി ആലോചിച്ചാണ് തീരുമാനം എടുത്തത്. പാര്‍ട്ടിയാണ് തന്റെയും കുടുംബത്തിന്റെയും ശക്തിയെന്നും അമ്മ വ്യക്തമാക്കി. പാഠപുസ്തകങ്ങള്‍ ജയിലില്‍ എത്തിച്ച്‌ നല്‍കണമെന്ന് അലന്‍ ആവശ്യപ്പെട്ടതായി സബിത വ്യക്തമാക്കി.