ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലാളികളുടെ എട്ട് മണിക്കൂര്‍ ജോലി എന്നത് 9 മണിക്കൂറായി മാറ്റാന്‍ ദേശീയ വേതന നിയമത്തിന്റെ കരടില്‍ നിര്‍ദേശം. ഇതോടെ സാധാരണ പ്രവൃത്തി ദിനമെന്നാല്‍, വിശ്രമസമയങ്ങളടക്കം 9 മണിക്കൂറായിരിക്കും. 12 മണിക്കൂറില്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്.

അതേസമയം, ദിവസവേതനം 8 മണിക്കൂര്‍ അടിസ്ഥാനമാക്കിയും മാസ വേതനം 26 ദിവസം 8 മണിക്കൂര്‍ എന്ന് അടിസ്ഥാനമാക്കിയുമാണ് നിശ്ചയിക്കുക. ഇത് അവ്യക്തത സൃഷ്ടിച്ചിട്ടുണ്ട്. അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഒരു മാസത്തോളം സമയമുണ്ട്.

മറ്റുപ്രധാന നിര്‍ദേശങ്ങള്‍:

*കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന നിശ്ചിത പ്രതിമാസത്തുകയില്‍ കവിയാത്ത വരുമാനമുള്ള എല്ലാവര്‍ക്കും ബോണസ്. കരാറുകാരന്‍ മുഖേന ജീവനക്കാരെ നിയമിച്ചു പ്രവര്‍ത്തിക്കുന്ന കമ്ബനിയില്‍ കരാറുകാരന്‍ ബോണസ് നല്‍കിയില്ലെങ്കില്‍ കമ്ബനിക്ക് ഉത്തരവാദിത്തം.

*തൊഴിലാളി എന്ന നിര്‍വചനത്തിനു കീഴില്‍ വരുന്ന എല്ലാവര്‍ക്കും മിനിമം വേതനം; 5 വര്‍ഷം കൂടുമ്ബോള്‍ പുതുക്കും.

*എല്ലാ വര്‍ഷവും ഏപ്രില്‍ ഒന്ന്, ഒക്ടോബര്‍ ഒന്ന് തീയതികള്‍ അടിസ്ഥാനമാക്കി ഡിഎ നിശ്ചയിക്കും.

*മാധ്യമപ്രവര്‍ത്തകരുടെ ശമ്ബളം നിശ്ചയിക്കാന്‍ വേജ് ബോര്‍ഡിനു പകരം സാങ്കേതിക സമിതി.