തിരുവനന്തപുരം: അഴീക്കോട് എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ കെ.എം ഷാജിയുടെ വിദ്യാഭ്യാസ യോഗ്യതയെച്ചൊല്ലിയുള്ള ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി ജലീലിന്റെ പരാമര്‍ശങ്ങള്‍ സഭയില്‍ നാടകീയരംഗങ്ങള്‍ക്കിടയാക്കി. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 31ന് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയാവതരണത്തിനിടെ മന്ത്രി കെ.ടി ജലീല്‍ കെ.എം ഷാജിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ചിരുന്നു. കോളജിന്റെ പടി ചവിട്ടാത്ത ഷാജിക്ക് ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച്‌ സംസാരിക്കാന്‍ എന്ത് അധികാരമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ഇതിന് അതേനാണയത്തില്‍ ഇന്നലെ മറുപടി പറയുകയായിരുന്നു ഷാജി.

‘പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ല’ എന്ന പട്ടണപ്രവേശം സിനിമയില്‍ ശ്രീനിവാസന്‍ പറയുന്ന അതേ ഡയലോഗ് ഷാജി ആവര്‍ത്തിച്ചത് സഭയില്‍ ചിരിപടര്‍ത്തുകയും ചെയ്തു. താന്‍ പ്രീ ഡിഗ്രി പഠിച്ച അതേ കോളജില്‍ അതേ കാലയളവിലാണ് ജലീലും പഠിച്ചതെന്നും ഷാജി ഓര്‍മിപ്പിച്ചു. മന്ത്രിയുടെ തെറ്റായ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് മാറ്റരുതെന്നും തന്റെ പ്രസ്താവന കൂടി ചേര്‍ക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.

കോളജില്‍ പഠിക്കാത്തത് സാമാജികരുടെ കുറവായി കാണരുതെന്നും വിദ്യാഭ്യാസ യോഗ്യത വച്ച്‌ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മന്ത്രിയെ ഓര്‍മ്മിപ്പിച്ചു. ഇതോടെ പരാമര്‍ശം മന്ത്രിക്ക് പിന്‍വലിക്കേണ്ടിവന്നു. എന്റെ പരാമര്‍ശം അദ്ദേഹത്തിന് പ്രയാസമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഞാനത് പിന്‍വലിക്കുന്നു. അദ്ദേഹത്തിനുണ്ടായ മനപ്രയാസത്തില്‍ ഖേദിക്കുകയും ചെയ്യുന്നുവെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.