ന്യുഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണ പ്രശ്‌നത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച്‌ സുപ്രീം കോടതി. ഡല്‍ഹിയിലെ സ്ഥിതി അടിയന്തരാവസ്ഥാ കാലത്തേക്കാള്‍ മോശമാണെന്ന് ജസ്റ്റീസ് അരുണ്‍ മിശ്രയുടെയും ദീപക് ഗുപ്തയുടെയും ബെഞ്ച് വിമര്‍ശിച്ചു. അന്നത്തെ അടിയന്തരാവസ്ഥയായിരുന്നു ഇതിനേക്കാള്‍ മെച്ചം. പൗരന്റെ ജീവിക്കാനുള്ള മൗലികാവകാശത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന്

കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. എന്നാല്‍ സ്വന്തം ജീവനോപാധിക്കായി മറ്റുള്ളവരെ കൊല്ലാന്‍ കര്‍ഷകരെ അനുവദിക്കില്ല. അവരോട് ഒരു അനുകമ്ബയും കോടതി കാണിക്കില്ല. വയല്‍ അവശിഷ്ടങ്ങള്‍ കര്‍ഷകര്‍ കത്തിക്കുന്നത് തടയാന്‍ കഴിയാത്ത പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളെ വിമര്‍ശിച്ച കോടതി, വാഹന നിയന്ത്രണം കൊണ്ട് എന്തുമെച്ചമാണ് ഉണ്ടാകുന്നതെന്ന് ഡല്‍ഹി സര്‍ക്കാരിനോടും ആരാഞ്ഞു. ചീഫ് സെക്രട്ടറിമാരേയും പോലീസ് മേധാവിമാരേയും വിളിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കി. ഇവര്‍ ബുധനാഴ്ച നേരിട്ട് ഹാജരായി നടപടികള്‍ വ്യക്തമാക്കണം.

വയലുകളില്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഇനി ഒരിക്കല്‍ പോലും ഹരിയാന, പഞ്ചാബ് ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലുണ്ടാകാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ചീഫ് സെക്രട്ടറിമാരും ഡി.ജി.പിമാരും താഴെതട്ടിലുള്ള മറ്റ് ഉദ്യോഗസ്ഥരും വ്യക്തിപരമായി തന്നെ നേരിടേണ്ടിവരും. മലിനീകരണം തടയാന്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒരുമിച്ച്‌ ചേര്‍ന്ന് മാര്‍ഗരേഖ തയ്യാറാക്കണം. അതിനായി വിദഗ്ധരുടെ സേവനം തേടണം. പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കരുതെന്ന് ശക്തമായ താക്കീതും കോടതി നല്‍കി.

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ ഉത്തരവാദികള്‍ ഈ സര്‍ക്കാരുകള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുമാണ്. തങ്ങളുടെ കടമകള്‍ നിര്‍വഹിക്കുന്നതില്‍അ വര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഓരോ വര്‍ഷം കഴിയുന്തോറും ഡല്‍ഹി ശ്വാസംമുട്ടുകയാണ്. അത് തടയാന്‍ ഒന്നും ചെയ്യാനാവുന്നില്ല. പരിഷ്‌കൃത സമൂഹത്തില്‍ ഇത് അനുവദിക്കാന്‍ കഴിയാത്തതാണ്. സര്‍ക്കാരുകള്‍ മറ്റുള്ളവരില്‍ പഴിചാരുക മാത്രമാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് അവിടെ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത്?

വീടിനുള്ളില്‍ പോലും ആരും സരുക്ഷിതരല്ല. ഇത് അതിക്രൂരമാണ്. ഇത്തരം അന്തരീക്ഷത്തില്‍ എങ്ങനെ അതിജീവിക്കാന്‍ കഴിയും. മലിനീകരണം കാരണം ആളുകള്‍ ഡല്‍ഹിയിലേക്ക് വരരുതെന്നാണ് ഉപദേശിക്കുന്നത്. സര്‍ക്കാരുകളാണ് ഈ അവസ്ഥയ്ക്ക് കാരണം.

ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണത്തെയും കോടതി വിമര്‍ശിച്ചു. താരത്യേന കുറഞ്ഞ മലിനീകരണം സൃഷ്ടിക്കുന്ന വാഹന നിയന്ത്രം കൊണ്ട് എന്തു പ്രയോജനമാണുള്ളതെന്നും കോടതി ആരാഞ്ഞു.