മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം ഇതുവരെ എവിടെയുമെത്താത്ത സാഹചര്യത്തില്‍ ദില്ലിയില്‍ ചര്‍ച്ച പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പന്ത് ഇപ്പോള്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ കോര്‍ട്ടിലാണ്. പവാര്‍ ആരെ പിന്തുണയ്ക്കുമോ അവര്‍ സര്‍ക്കാരുണ്ടാക്കും. എന്നാല്‍ എന്‍സിപി ഇതില്‍ നിന്നൊക്കെ വിട്ടുനില്‍ക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. അത് ബിജെപിയെ സന്തോഷിപ്പിക്കുന്നതാണ്.

ശിവസേന, കോണ്‍ഗ്രസ് നേതാക്കളെ അമ്പരിപ്പിക്കുന്ന ഈ തീരുമാനം പവാറില്‍ നിന്നുണ്ടായേക്കാമെന്നാണ് സൂചന. എന്നാല്‍ നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുമായി വ്യക്തിപരമായുള്ള പ്രശ്‌നങ്ങള്‍ പവാര്‍ മറക്കാന്‍ സാധ്യതയില്ലെന്നും വിലയിരുത്തലുണ്ട്. ഈ ഒരു ഫോര്‍മുല മാത്രമാണ് ഇപ്പോള്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തെ ആശങ്കപ്പെടുത്തുന്നത്. എന്നാല്‍ ശിവസേന ഇത്തരമൊരു സാഹചര്യത്തില്‍ നിന്ന് പവാറിനെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ നിലവില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ല. 105 സീറ്റ് നേടിയ ബിജെപിയാണ് ഏറ്റവും വലിയ പാര്‍ട്ടി. ശിവസേന 56 സീറ്റോടെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായി. കോണ്‍ഗ്രസ് 44 സീറ്റും എന്‍സിപി 54 സീറ്റും നേടി. ശിവസേന എന്‍സിപിയുടെ സഹായം തേടിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ അമിത് ഷായുടെ ഇടപെടലാണ് ദേവേന്ദ്ര ഫട്‌നാവിസ് ആവശ്യപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രി പദം കിട്ടാതെ പിന്നോട്ടില്ലെന്നാണ് ശിവസേനയുടെ നിലപാട്.

എന്‍സിപിയുടെ നിലപാട്

ശരത് പവാര്‍ ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ധര്‍മസങ്കടത്തിലാണ്. ഉദ്ധവ് താക്കറെയുമായും അദ്ദേഹത്തിന്റെ കുടുംബവുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട് പവാറിന്. എന്നാല്‍ ഇവരെ പരസ്യമായി പിന്തുണച്ചാല്‍ അത് ഇനിയുള്ള തിരഞ്ഞെടുപ്പില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കും. പാര്‍ട്ടിക്കുള്ളില്‍ പ്രതിപക്ഷത്തിരിക്കണമെന്ന വാദവും ശക്തമാണ്. പുറത്തുനിന്നുള്ള പിന്തുണ പവാറിന് മുന്നിലുള്ള ഏക വഴി. ഇതില്‍ സോണിയാ ഗാന്ധിയുടെ നിലപാട് കൂടി നിര്‍ണായകമാകും.

പവാറിന്റെ പുതിയ നീക്കം

മഹാരാഷ്ട്രയില്‍ 288 അംഗ നിയമസഭയാണ് ഉള്ളത്. എന്‍സിപി ആരെയെങ്കിലും പിന്തുണയ്ക്കാതെ പിന്‍വാങ്ങിയാല്‍ നിയമസഭയുടെ അംഗബലം 234 ആയി കുറയും. ഇതോടെ ഭൂരിപക്ഷത്തിന്റെ സീറ്റ് നിലയും കുറയും. 117 സീറ്റായിരിക്കും ഈ അവസരത്തില്‍ ഭൂരിപക്ഷം വേണ്ടി വരിക. ബിജെപി 15 സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ ഉണ്ട്. ഇതോടെ എളുപ്പത്തില്‍ ഭൂരിപക്ഷം നേടാനാവും. ശിവസേനയില്ലാതെ ഇതോടെ ബിജെപിക്ക് സര്‍ക്കാരും ഉണ്ടാക്കാന്‍ സാധിക്കും. ഇതോടെ ശിവസേനയ്ക്ക് മുഖ്യമന്ത്രി പദമില്ലാതെ ബിജെപിക്ക് വഴങ്ങേണ്ടി വരും.

ഫട്‌നാവിസ് സര്‍ക്കാരുണ്ടാക്കും

ദേവേന്ദ്ര ഫട്‌നാവിസ് സഭയില്‍ ഭൂരിപക്ഷം തെൡയിക്കാന്‍ ഒരുങ്ങുകയാണ്. എന്‍സിപിയുമായി പിന്‍വാതില്‍ ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. നേരത്തെ പറഞ്ഞ് ഉറപ്പിച്ച ധാരണപ്രകാരം വോട്ടെടുപ്പിനിടെ എന്‍സിപി സഭയില്‍ നിന്ന് ഇറങ്ങി പോകും. ഇത് എന്‍സിപിക്ക് പൊതുമധ്യത്തില്‍ പരിക്കേല്‍പ്പിക്കാത്ത കാര്യമാണ്. അതേസമയം ബിജെപിക്ക് വലിയ നേട്ടവുമാകും. ശിവസേനയെ പിന്തുണയ്ക്കുന്ന സ്വതന്ത്രരില്‍ പലരും ബിജെപിയിലേക്ക് എത്താനും സാധ്യതയുണ്ട്.

ശിവസേനയ്ക്ക് ആശങ്ക

ശിവസേനയ്ക്ക് എന്‍സിപിയുടെ നിലപാടില്‍ കടുത്ത ആശങ്കയുണ്ട്. അതുകൊണ്ടാണ് സഞ്ജയ് റാവത്ത് നേരിട്ട് അജിത് പവാറിനെ വിളിപ്പിച്ചത്. അദ്ദേഹം വിചാരിച്ചാല്‍ മാത്രമേ ഏതെങ്കിലും തരത്തിലുള്ള പിന്തുണ ശിവസേനയ്ക്ക് ലഭിക്കൂ. എന്നാല്‍ റാവത്തിന് അനുകൂല മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. സോണിയാ ഗാന്ധി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പവാറിന്റെ അറിയിച്ചിട്ടുണ്ട്. സുശീല്‍ കുമാര്‍ ഷിന്‍ഡെ, സഞ്ജയ് നിരുപം എന്നിവരുടെ നിലപാട് സേനയുമായി സഖ്യം വേണ്ടെന്നാണ്. അതുകൊണ്ട് ശിവസേന സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യത വളരെ കുറവാണ്. നിലവില്‍ മുന്‍തൂക്കമുള്ളത് ബിജെപിക്കാണ്.