ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പാല്‍ പായസത്തിന് ‘ഗോപാല കഷായം’ എന്ന് കൂടി പേര് ചേര്‍ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആലോചന. പേറ്റന്റിനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം അവസാനഘട്ടത്തിലാണ്.

നിത്യ നിവേദ്യമായ പാല്‍ പായസത്തിന്റെ പേര് മാറ്റം ഭക്തരില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ആചാരപരമായി നിവേദ്യം ഗോപാല കഷായമെന്നാണ് അറിയപ്പെടുന്നത്. ഭക്തരുടെ അഭിപ്രായത്തില്‍ പേറ്റന്റ് അമ്ബലപ്പുഴ പാല്‍ പായസം എന്ന പേരിനു മതിയെന്നാണ്. അതിനാല്‍ രണ്ട് പേരിലും പേറ്റന്റ് നേടാനാണ് ശ്രമം. പായസത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിന് ശേഷമാണ് ദേവസ്വം ബോര്‍ഡ് പേരിന് പേറ്റന്റ് എടുക്കാമെന്ന് തീരുമാനിച്ചത്.

കഷായം പോലെ പാലും വെള്ളവും എട്ട് മണിക്കൂറോളം വെന്തുവറ്റിച്ചതിന് ശേഷം അരിയും പഞ്ചസാരയും ചേര്‍ത്ത് തയ്യാറാക്കുന്നതിനാലാണ് പായസത്തെ ഗോപാല കഷായം എന്ന് വിളിക്കുന്നത്. ഇത് ഭഗവാന് നേദിച്ച ശേഷം പ്രസാദമായി ഭക്തര്‍ക്ക് വിതരണം ചെയ്യുന്നു.

അതിനിടെ, അമ്പലപ്പുഴ പാല്‍ പായസത്തിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിനെതിരെ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. വിശ്വാസികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രധാന വഴിപാടിനെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് പ്രയാര്‍ ആരോപിച്ചു. ശബരിമലയെ മുന്‍പ് താന്‍ ‘ശ്രീ അയ്യപ്പക്ഷേത്ര’മെന്ന് പുനര്‍നാമകരണം ചെയ്തപ്പോള്‍ വെളിച്ചപ്പാട് തുള്ളിയവരാണ് ഇപ്പോള്‍ വിശ്വാസികളെ വീണ്ടും വെല്ലുവിളിക്കുന്നതെന്നും പ്രയാര്‍ പറഞ്ഞു.