വത്തിക്കാന്‍ സിറ്റി: സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ റോമാ നഗരപ്രാന്തത്തിലെ ഭൂഗര്‍ഭ സെമിത്തേരിയില്‍ പരേതാത്മാക്കള്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് പരേതാത്മാക്കള്‍ക്കുവേണ്ടിയുള്ള പാപ്പായുടെ ശുശ്രൂഷകള്‍ ആരംഭിച്ചത്. തന്റെ സന്ദേശത്തില്‍ ക്രൈസ്തവ രക്തസാക്ഷികളെ കുറിച്ച്‌ പാപ്പ പ്രത്യേകം പരാമര്‍ശിച്ചു. ആദ്യ നൂറ്റാണ്ടിനെക്കാള്‍ ക്രൈസ്തവര്‍ ഇക്കാലഘട്ടത്തില്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. റോമിലെ നിരവധി രക്തസാക്ഷികളും, സഭാദ്ധ്യക്ഷന്മാരായ പാപ്പാമാരും അടക്കം ചെയ്യപ്പെട്ടിട്ടുള്ള ഭൂഗര്‍ഭ സിമിത്തേരിയായതിനാല്‍ പാപ്പ ബലിയര്‍പ്പണം നടത്തിയ പ്രിഷീല സെമിത്തേരിയെ ‘ഭൂഗര്‍ഭ സെമിത്തേരികളിലെ രാജ്ഞി’യെന്നും വിശേഷിപ്പിക്കപ്പെടാറുണ്ട്.

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച റോമന്‍ കോണ്‍സുളിന്‍റെ ഭാര്യയായിരുന്നു പ്രിഷീല. പ്രഭു കുടംബത്തിലെ ഭൂസ്വത്തിന്‍റെ അവകാശിയായിരുന്ന പ്രിഷീല ക്രൈസ്തവ രക്തസാക്ഷികളെ അടക്കം ചെയ്യുന്നതിനു ഇഷ്ടദാനമായി മാര്‍ബിള്‍ അറ നല്‍കിയതിനാല്‍ ഇന്നും ‘പ്രിഷീലയുടെ ഭൂഗര്‍ഭ സെമിത്തേരി’ (Catacomb of Priscilla) എന്നാണ് ഈ പുണ്യസ്ഥാനം അറിയപ്പെടുന്നത്. നാലാം നൂറ്റാണ്ടില്‍ ക്രൈസ്തവ പീഡനം റോമില്‍ കെട്ടടങ്ങിയ കാലഘട്ടം വരെ പ്രിഷീലയുടെ പേരിലുള്ള ഭൂഗര്‍ഭ സിമിത്തേരി സജീവമായിരിന്നുവെന്നാണ് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത്.