പാലക്കാട്: ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃത​ദേഹങ്ങള്‍ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി പൊലീസിന് മുന്നോട്ട് പോകാമെന്ന് പാലക്കാട് സെഷന്‍സ് കോടതി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി.

നടപടികളുമായി മുന്നോട്ട് പോകാന്‍ പൊലീസിന് കോടതി അനുമതി നല്‍കി. മൃത​ദേഹങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംസ്കരിക്കാം. പൊലീസ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടപടിയെടുത്തിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി.

നേരത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഘത്തിലെ വനിതയെ ഇനിയും തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഏറ്റുമുട്ടല്‍ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്ബോഴും മരിച്ചതാര് എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു പൊലീസ്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മണിവാസകമാണെന്നു മാത്രമാണ് പോലീസിന് പൂര്‍ണമായും ഉറപ്പുള്ളത്. മറ്റു രണ്ടുപേര്‍ കാര്‍ത്തിയും അരവിന്ദുമാണെന്ന് ഏറക്കുറെ ഉറപ്പിക്കുന്നു.

എന്നാല്‍, യുവതിയെക്കുറിച്ച്‌ കൃത്യമായ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടവര്‍ ആരൊക്കെയെന്ന് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.