ലഖ്‌നൗ: ഒരു ബെറ്റിന്റെ പുറത്ത് യുവാവിന് നഷ്ടപ്പെട്ടത് സ്വന്തം ജീവന്‍! മദ്യത്തിനൊപ്പം 50 മുട്ട കഴിച്ചാല്‍ 2000 രൂപ നല്‍കാമെന്നായിരുന്നു ബെറ്റ്. ലഖ്‌നൗവിലെ ജാന്‍പുര്‍ ജില്ലയിലെ പിപിഗഞ്ച് മാര്‍ക്കറ്റിലാണ് സംഭവം. 42 വയസുള്ള സുഭാഷ് യാദവാണ് മരിച്ചത്. ഇയാള്‍ ഡ്രൈവറാണ്.

മദ്യപിച്ചിരിക്കുമ്ബോഴാണ് സുഭാഷും സുഹൃത്തും പന്തയം വച്ചത്. ബെറ്റ് ഏറ്റെടുത്ത സുഭാഷ് മുട്ട കഴിക്കാന്‍ തുടങ്ങി. 41 മുട്ടകള്‍ കഴിച്ചു തീര്‍ത്ത യുവാവ് 42ാമത്തെ മുട്ട കഴിച്ചു തീര്‍ക്കുന്നതിനിടെ ബോധരഹിതനായി താഴേക്ക് വീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മദ്യവും മുട്ടയും ഒരുമിച്ച്‌ വലിയ അളവില്‍ കഴിച്ചതാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.