കൊച്ചി മെട്രോയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നു. വെബ്‌സൈറ്റിന്റെ പേര് കൊച്ചി മെട്രോ ക്ലബ് ഡോട്ട് കോം എന്നാണ്. ആളുകളില്‍ തെറ്റിധാരണ ഉണ്ടാക്കുന്ന ഈ വെബ്‌സൈറ്റിന് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനുമായി യാതൊരു ബന്ധവുമില്ലെന്നാണ് അധികൃതര്‍ അറിയിച്ചു. കെഎംആര്‍എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അധികൃതര്‍വിശദീകരണം നല്‍കിയത്.

കൊച്ചി മെട്രോ ക്ലബ് ഡോട്ട് കോമില്‍ പേര് ചേര്‍ക്കാന്‍ പണമാവശ്യപ്പെടുന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കെഎംആര്‍എല്‍ അധികൃതര്‍ ഇക്കാര്യം പരിശോധിച്ച്‌ പേരിന്റെ കാര്യത്തില്‍ വിശദീകരണക്കുറിപ്പ് ഇറക്കിയത്.

ഈ ക്ലബിന്റെ പേരില്‍ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ നടത്തുന്ന സാമ്ബത്തികമോ അല്ലാത്തതോ ആയ ഇടപാടുകള്‍ക്ക് ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്ന് കെഎംആര്‍എല്‍ വ്യക്തമാക്കി. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്ക് ഇരകളാകരുതെന്ന് കമ്ബനി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. കൊച്ചി മെട്രോയുടെ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെയും ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും അടക്കം ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ ഉപയോഗിക്കുന്നതിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.