ശ്രീനഗര്‍: ഹോട്ടല്‍ ബില്‍ കോടികള്‍ കവിഞ്ഞതിനെ തുടര്‍ന്ന് കശ്മീരില്‍ തടങ്കലിലാക്കിയ രാഷ്ട്രീയ നേതാക്കളെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്റെ ഭാഗമായാണ് നേതാക്കലെ വീട്ടുതടങ്കലിലാക്കിയത്.

നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, പീപ്പിള്‍സ് കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളിലെ 31 പ്രമുഖ നേതാക്കളെയാണ് ദാല്‍ തടാകക്കരയിലുള്ള സെന്റോര്‍ ഹോട്ടലില്‍ സര്‍ക്കാര്‍ തടങ്കലിലാക്കിയിരിക്കുന്നത്. എംഎല്‍എ ഹോസ്റ്റലിലേക്കോ മറ്റ് ഹോട്ടലിലേക്കോ ആകും ഇവരെ മാറ്റുക.

നേതാക്കളെ താമസിപ്പിച്ചതിന് 2.65 കോടിരൂപയുടെ ബില്ലാണ് ഹോട്ടല്‍ മാനേജ്മെന്റ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. ഇത്രയും വലിയ ബില്‍ തുക വന്നതോടെയാണ് നേതാക്കളെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതെന്നാണ് വിവരം. കഴിഞ്ഞ മൂന്നുമാസത്തെ ബില്ലാണ് ഹോട്ടല്‍ മാനേജ്മെന്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിരിക്കുന്നത്.അതേസമയം സര്‍ക്കാര്‍ നിശ്ചയിച്ച തുക ഹോട്ടലിന് നല്‍കുമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. നേരത്തെ ഒരാള്‍ക്ക് 5000 രൂപ താമസ ചിലവിനായി അനുവദിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 800 രൂപവീതം മാത്രമാണ് അനുവദിച്ചത്.ഒരുമുറിയില്‍ രണ്ടുപേരെവീതമാണ് താമസിപ്പിച്ചിരിക്കുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ ഒരു കഷ്ണം കോഴിയിറച്ചി നല്‍കുന്ന തൊഴിച്ചാല്‍ ഭക്ഷണത്തിന് സസ്യാഹാരം മാത്രമാണ് നല്‍കുന്നത്.

അതേസമയം ചിലവ് തുക കൂടിയതല്ല ഹോട്ടലിനെ സബ്ജയില്‍ ആക്കി മാറ്റിയിരിക്കുന്നതിനാല്‍ ഹോട്ടലിന് സമീപത്തുള്ള ഷേര്‍ ഇ കശ്മീര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നാണ് അധികൃതര്‍ പറയുന്ന ന്യായം.