തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ധനകാര്യ പരിശോധനാവിഭാഗം നടത്തിയ പരിശോധനയില്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ ആറ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
എറണാകുളം പൊതുമരാമത്ത് നിരത്ത് വിഭാഗം ഡിവിഷന് ഓഫീസില്‍ ക്ലര്‍ക്കുമാരായ വി ജയകുമാര്‍, പ്രസാദ് എസ് പൈ, ഡിവിഷണല്‍ അക്കൗണ്ടന്റ് ദീപ, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ലതാ മങ്കേഷ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ മനോജ്, ജൂനിയര്‍ സൂപ്രണ്ട് ഷെല്‍മി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
വ്യാജ ബില്‍ ഐഡികള്‍ സൃഷ്ടിച്ച് ക്രമക്കേടുകള്‍ നടത്തിയതിനും ചെയ്യാത്ത മരാമത്ത് പ്രവൃത്തികള്‍ക്ക് തുക മാറി നല്‍കുക, വ്യാജരേഖ ചമച്ചു സെക്യുരിറ്റി ഡെപ്പോസിറ്റ് സ്വീകരിക്കാതിരിക്കുക, ബിറ്റുമിന്‍ വിതരണത്തില്‍ ക്രമക്കേട് നടത്തുക എന്നീ കുറ്റങ്ങള്‍ക്കുമാണ് സസ്പെന്‍ഡ് ചെയ്തത്. എല്ലാവരും എറണാകുളം ഡിവിഷന്/ ആലുവ സെക്ഷന്‍ എന്നിവിടങ്ങടങ്ങളിലെ ജീവനക്കാരാണ്.
ആരോപണവിധേയരായ 14 ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും കരാറുകാരന് സുബിന് ജോര്‍ജ്ജിന്റെ ലൈസന്‍സ് റദ്ദാക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ നിര്‍ദ്ദേശ പ്രകാരമാണ് സസ്പെന്ഷന് നടപടികള്‍. ഇത്തരം ക്രമക്കേടുകള്‍ സംസ്ഥാനത്ത് പല ഓഫീസുകളിലും ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ജി സുധാകരന് പറഞ്ഞു.
സര്‍ക്കാരിനുണ്ടായ 1,77,62,492 രൂപയുടെ നഷ്ടം ഉത്തരവാദികളില്‍ നിന്നും ഈടാക്കുന്നതിനും മന്ത്രി ജി സുധാകരന് നിര്‍ദ്ദേശം നല്കി.