തിരുവനന്തപുരം: മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിന് സി പി എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്‌ത പൊലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം. ലഘുലേഖയുടെ പേരില്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം പോലീസ് തെളിയിച്ചിട്ടില്ലെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.

കാട്ടിലുള്ളവരുടെ നാട്ടിലെ കണ്ണികളാണിവരെന്ന് അറസ്റ്റിലായവരെക്കുറിച്ച്‌ പൊലീസ് ആരോപിക്കുന്നതിന്റെ പിന്നിലെ തെളിവെന്താണ്. എന്തടിസ്ഥാനത്തിലാണ് ആശയപ്രചാരണം നടത്തിയെന്നതിന്റെ പേരില്‍ യുഎപിഎ ചുമത്തിയതെന്ന ചോദ്യത്തിന് പൊലീസ് മറുപടി നല്‍കുന്നില്ല. ഒരു ലഘുലേഖയുടെ പശ്ചാത്തലത്തില്‍ ഈ വിദ്യാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പൊലീസ് ആവര്‍ത്തിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം ദുരൂഹമാണ്. ജനയുഗം കുറ്റപ്പെടുത്തി.

വസ്തുതാപരമായ യാതൊരു അന്വേഷണവും ഇക്കാര്യത്തില്‍ നടന്നിട്ടെല്ലെന്നത് പകല്‍ പോലെ സത്യവുമാണെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. അട്ടപ്പാടിയിലെ കൊടുംക്രൂരതയില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് യുഎപിഎ ചുമത്തിയുള്ള അറസ്റ്റെന്നും മുഖപ്രസംഗം ആരോപിക്കുന്നു.