കോഴിക്കോട്: കോഴിക്കോട്ട് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് തെറ്റാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യ വിരുദ്ധമായ കരിനിയമമാണ് യു.എ.പി.എ. എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘യു.എ.പി.എ ചുമത്തിയ നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഈ നിയമം പിന്‍വലിക്കണമെന്നാണ് സി.പി.ഐ.എം നിലപാട്. യു.എ.പി.എ പിന്‍വലിക്കും വരെ പോരാട്ടും തുടരും’യെച്ചൂരി പറഞ്ഞു.

യു.എ.പി.എ നിയമം നടപ്പാക്കുന്നതിനോടു സര്‍ക്കാരിനു യോജിപ്പില്ലെന്നു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കോഴിക്കോട്ട് രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതു പരിശോധിക്കുമെന്നും പരിശോധിച്ച ശേഷം സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു നിരപരാധിക്കും നേരെ യുഎപിഎ ചുമത്തില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കോഴിക്കോട്‌ രണ്ട്‌ യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്‌ത്‌ യുഎപിഎ ചുമത്തിയ നടപടി എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു. അറസ്റ്റു ചെയ്യപ്പെട്ട ചെറുപ്പക്കാര്‍ക്ക്‌ നേരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ്‌ സിപിഎമ്മിനുള്ളതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്‌താവനയില്‍ പറയുന്നു.