ഫോര്‍മുല വണ്ണിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റെക്കോര്‍ഡിലേക്ക് അകലം കുറച്ച്‌ വീണ്ടും മെഴ്‌സിഡസ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടന്‍. അമേരിക്കയില്‍ അത്ഭുതം ഒന്നും സംഭവിച്ചില്ല ഒരിക്കല്‍ കൂടി തുടര്‍ച്ചയായ മൂന്നാം പ്രാവശ്യവും മൊത്തം ആറാം തവണയും ഫോര്‍മുല വണ്ണിന്റെ രാജാവ് ആയി ബ്രിട്ടീഷ് ഡ്രൈവര്‍ മാറി. ഇതോടെ 7 ലോകകിരീടങ്ങള്‍ സ്വന്തമായുള്ള ജര്‍മ്മന്‍ ഇതിഹാസതാരം മൈക്കള്‍ ഷുമാര്‍ക്കാറിന്റെ ഏഴു ലോകകിരീടങ്ങള്‍ എന്ന റെക്കോര്‍ഡിനു അടുത്തെത്തി ഹാമില്‍ട്ടന്‍. അഞ്ചാമത് ആയി റേസ് തുടങ്ങിയ ഹാമില്‍ട്ടനു തന്റെ സ്ഥാനം നിലനിര്‍ത്തിയെങ്കില്‍ കൂടെ കിരീടം ഉറപ്പായിരുന്നു. എന്നാല്‍ സഹതാരം ബോട്ടാസിന് പിറകില്‍ രണ്ടാമത് ആയി റേസ് അവസാനിപ്പിച്ച ഹാമില്‍ട്ടന്‍ കിരീടം പോഡിയം നേട്ടത്തോടെ ആഘോഷിച്ചു.
പോള്‍ പൊസിഷനില്‍ റേസ് തുടങ്ങിയ ബോട്ടാസിന് മികച്ച തുടക്കം ലഭിച്ചപ്പോള്‍ രണ്ടാമത് തുടങ്ങിയ വെറ്റല്‍ തുടക്കത്തില്‍ തന്നെ കാറിന്റെ പ്രശ്നങ്ങള്‍ മൂലം പിന്മാറുന്നത് ആണ് റേസിന്റെ തുടക്കത്തില്‍ കണ്ടത്. എന്നാല്‍ മികച്ച തുടക്കം ലഭിച്ച ഹാമില്‍ട്ടന്‍ ഒന്നിന് പിറകെ ഒന്നായി ഡ്രൈവര്‍മാറെ മറികടന്നു മുന്നേറുന്ന കാഴ്ച കണ്ടപ്പോള്‍ മികച്ച പോരാട്ടം ആണ് അമേരിക്കയില്‍ കണ്ടത്. അമേരിക്കയില്‍ ബോട്ടാസ് ഒന്നാമത് എത്തിയപ്പോള്‍ ഹാമില്‍ട്ടന്‍ രണ്ടാമത് എത്തി. റെഡ് ബുള്ളിന്റെ മാര്‍ക് വെര്‍സ്റ്റാപ്പന്‍ മൂന്നാമത് എത്തിയപ്പോള്‍ ഫെരാറിയുടെ ചാള്‍സ്‌ ലെക്ലെര്‍ക്ക് നാലാമത് ആയി. സമീപകാലത്തെ ഫോര്‍മുല വണ്ണിലെ മെഴ്‌സിഡസ്, ഹാമില്‍ട്ടന്‍ ആധിപത്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ലോകകിരീടം ഒരിക്കല്‍ കൂടി ബ്രിട്ടീഷ് ഡ്രൈവര്‍ സ്വന്തം പേരിലാക്കി.