ഓസ്റ്റിന്‍: 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ വളരെ പ്രതീക്ഷയുണര്‍ത്തിയ. ട്രംപിനു വെല്ലുവിളി ഉയര്‍ത്തുമെന്നു പ്രതീക്ഷിച്ചിരുന്ന ടെക്‌സസ് കോണ്‍ഗ്രസ്മാന്‍ ബെറ്റോ ഒ റൂര്‍ക്കെ (47) പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയതായി നവംബര്‍ ഒന്നിനു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിലും, പ്രചാരണങ്ങളിലും കാര്യമായി മുന്നേറാന്‍ കഴിയാതിരുന്നതാണ് പിന്മാറ്റത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.

രാജ്യത്തിനുവേണ്ടിയുള്ള എന്റെ പ്രവര്‍ത്തനങ്ങള്‍ കേവലം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ തളച്ചിടുവാന്‍ താന്‍ ഗ്രഹിക്കുന്നില്ലെന്നു ഇതു സംബന്ധിച്ചു പുറത്തിറക്കിയ ഓണ്‍ലൈന്‍ പോസ്റ്റില്‍ ബെറ്റോ പറഞ്ഞു.

ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ചെറുപ്പക്കാരനും ഊര്‍ജസ്വലനുമായ ബെറ്റോയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു ടെക്‌സസില്‍ വലിയ പിന്തുണ ലഭിച്ചിരുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയെങ്കിലും ഡമെക്രാറ്റിക് പാര്‍ട്ടി തെരഞ്ഞെടുക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി സജിവമായി രംഗത്തുവരുമെന്നും ബെറ്റോ പറഞ്ഞു.

ടെക്‌സസ് ജനത ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച പിന്തുണയ്ക്കു ബെറ്റോ പ്രത്യേകം നന്ദി രേഖപ്പെടുത്തി.