മസ്‌കത്ത്: കൈരളി സാഹിത്യ പുരസ്‌കാര തുക വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മയ്ക്ക് കൈമാറുമെന്ന് എഴുത്തുകാരന്‍ എംഎന്‍ കാരശ്ശേരി. ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗമാണ് അവാര്‍ഡ് സമ്മാനിച്ചത്. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. പോലീസ് അന്വേഷണം നിരുത്തരവാദപരമായതുകൊണ്ടാണ് ഇങ്ങനെയൊരു കോടതി വിധി ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘തെരെഞ്ഞെടുത്ത സാഹിത്യ ലേഖനം’ എന്ന പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചത്.

കോഴിക്കോട് സര്‍വകലാശാല മലയാള വിഭാഗം മേധാവിയായി വിരമിച്ച എംഎന്‍ കാരശ്ശേരി പഠനങ്ങളും ലേഖനസമാഹാരങ്ങളും വിവര്‍ത്തങ്ങളുമായി അറുപതില്‍പരം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആലോചന , മക്കയിലേക്കുളള പാത, തിരുവരുള്‍, മാരാരുടെ കുരുക്ഷേത്രം ചേകന്നൂരിന്റെ രക്തം , ബഷീറിന്റെ പൂങ്കാവനം, തെളി മലയാളം, വര്‍ഗീയതക്കെതിരെ ഒരു പുസ്തകം തായ് മൊഴി, മലയാള വാക്ക് തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും വിഷയത്തില്‍ ജനങ്ങളില്‍ ജാഗ്രതയുണ്ടാക്കാനും വാളയറിലെ നിര്‍ഭാഗ്യവതിയായ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാനുള്ള പ്രതിരോധമെന്ന നിലയിലാണ് അവാര്‍ഡ് തുക കൈമാറാന്‍ തീരുമാനിച്ചതെന്ന് കാരശ്ശേരി ഒമാനില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു.