പാലക്കാട്: വാളയാര്‍ പീഡനക്കേസിലെ പ്രതികള്‍ സി.പി.എമ്മുകാരാണെന്ന ആരോപണം നിഷേധിച്ച്‌ എം.ബി രാജേഷ്. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ല. സി.പി.എമ്മുകാരാണ് പ്രതികളെന്ന് കുട്ടികളുടെ അമ്മയെക്കൊണ്ട് പറയിപ്പിച്ചതാണെന്നും രാജേഷ് ആരോപിച്ചു. പ്രതികള്‍ക്ക് സി.പി.എമ്മുമായി ബന്ധമില്ലെല്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയും വ്യക്തമാക്കി.

വാളയാര്‍ കേസിലെ പ്രതികള്‍ക്ക് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു. അതേസമയം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. കോണ്‍ഗ്രസും നാളെ ഉപവാസസമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.