കൊച്ചി: ലഘുലേഖ പിടിച്ചെടുത്തതു കൊണ്ട് മാത്രം ഒരാള്‍ക്കെതിരെ യുഎപിഎ ചുമത്താനാകില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷന്‍ റിട്ടയേഡ് ജസ്റ്റിസ് പി എസ് ഗോപിനാഥന്. തെളിവുണ്ടെങ്കില്‍ മാത്രമേ യുഎപിഎ നിലനില്‍ക്കൂ. എന്നാല്‍ മാത്രമേ പ്രോസിക്യൂഷന് അനുമതി നല്‍കൂവെന്നും പി.എസ് ഗോപിനാഥന് വ്യക്തമാക്കി.
പന്തീരാങ്കാവ് കേസില്‍ ഇപ്പോള്‍ എഫ്.ഐ.ആര് മാത്രമേയുള്ളു. അതില്‍ പറയുന്ന വകുപ്പുകള്‍ നിലനില്ക്കണമെങ്കില് ശക്തമായ തെളിവുവേണം. തെളിവില്ലാതെ പ്രോസിക്യൂഷന് അനുമതി നല്‍കാനാവില്ലെന്നും ജസ്റ്റിസ് ഗോപിനാഥന് കൊച്ചിയില്‍ പറഞ്ഞു. അടുത്തിടെ പൊലീസ് യുഎപിഎ ചുമത്തിയ 13 കേസുകള്‍ സമിതി പരിശോധിച്ചിരുന്നു. ഇതില്‍ ഒന്‍പത് കേസിലും മതിയായ തെളിവില്ലായിരുന്നു. അതിനാല്‍ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎപിഎ കരിനിയമമെന്ന് ആവര്‍ത്തിച്ച് സിപിഎം നേതാക്കളും രംഗത്തുവന്നു. എന്നാല്‍ യുഎപിഎ ചുമത്തപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘത്തിന്റെ ഭാഗമെന്നാണ് പൊലീസിന്റെ വാദം.