ബംഗളൂരു: ട്രെയിന്‍ യാത്ര നടത്തുന്നവര്‍ ടിക്കറ്റുകള്‍ നേരത്തേ കൂട്ടി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നത് പതിവാണ്. അതിനായി പല അക്കൗണ്ടുകളും യാത്രക്കാര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ട്രെയിന്‍ യാത്രികര്‍ക്ക് ഞെട്ടല്‍ ഉണ്ടാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങില്‍ വ്യാജ അക്കൗണ്ടുകള്‍ വഴി വന്‍ തട്ടിപ്പ് നടക്കുന്നു.

12,57,500 രൂപയുടെ ടിക്കറ്റുകളാണ് റെയില്‍വേ സംരക്ഷണസേന നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത്. തട്ടിപ്പ് സംഘത്തിന്റെ പീനിയ വ്യവസായമേഖലയിലെ കേന്ദ്രത്തില്‍ നിന്നാണ് ടിക്കറ്റുകള്‍ പിടിച്ചെടുത്തത്. ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയാണ്. തുടര്‍ന്ന് 30ല്‍ കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തുകയായിരുന്നു.

ആര്‍പിഎഫ് സൈബര്‍ സെല്ലാണ് വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ ടിക്കറ്റ് ബുക്ക് ചെയ്യുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീനിയിലെ കേന്ദ്രത്തക്കുറിച്ച്‌ വിവരം ലഭിച്ചത്. ഇന്‍സ്‌പെക്ടര്‍മാരായ ആര്‍ഡി സമുദ്രെ, അഖിലേഷ് തിവാരി എന്നിവരുടെ നേതൃത്വത്തിലുള്ള ആര്‍പിഎഫ് സംഘമാണ് പരിശോധന നടത്തിയത്.