ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആരാധകവൃന്ദമാണ് മഞ്ഞപ്പട. ആരാധകരുടെ പിന്തുണയുടെ കാര്യത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് സമ്പന്നരാണ്. കഴിഞ്ഞ സീസണിലുള്‍പ്പെടെ വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങിയിട്ടും കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞപ്പട നല്‍കുന്ന പിന്തുണയില്‍ യാതൊരു കുറവും വന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ മറ്റൊരു മഹത്തരമായ കാര്യമാണ് മഞ്ഞപ്പടയ്ക്ക് വീണ്ടും കൈയടി നേടിക്കൊടുക്കുന്നത്.

ഹൈദരാബാദിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയിരുന്നു. സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിടുന്നതായിരുന്നു ഈ പരാജയം. എന്നാല്‍ പരാജയത്തിന്‍റെ നിരാശയും പേറി മടങ്ങുകയല്ല അവര്‍ ചെയ്തത്. സ്റ്റേഡിയം വിടുന്നതിന് മുമ്പ് തോല്‍വിയുടെ സങ്കടവും അടക്കിപ്പിടിച്ച് ഗ്യാലറിയാകെ വൃത്തിയാക്കിയാണ് മഞ്ഞപ്പട ഫുട്ബോള്‍ ആരാധകര്‍ക്ക് മാതൃകയാകുന്നത്.

ഗ്യാലറി മുഴുവനായും വൃത്തിയാക്കിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ സ്റ്റേഡിയം വിട്ടത്. നേരത്തേയും വിവിധ മത്സരങ്ങള്‍ക്ക് പിന്നാലെ ഗ്യാലറി വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മഞ്ഞപ്പടയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. കഴിഞ്ഞ സീസണില്‍ സ്റ്റേഡിയം വൃത്തിയാക്കുന്നതിനായി പ്രത്യേക ക്യാമ്പയിനും മഞ്ഞപ്പട സംഘടിപ്പിച്ചിരുന്നു. ഏതായാലും മഞ്ഞപ്പടയുടെ ഈ പ്രവൃത്തി വലിയ പ്രശംസയാണ് അവര്‍ക്ക് നേടിക്കൊടുത്തിരിക്കുന്നത്.

റഷ്യന്‍ ലോകകപ്പിലെ ചില മത്സരങ്ങളിലും ഇത്തരത്തിലുള്ള ആരാധകരുടെ പ്രവൃത്തികള്‍ ശ്രദ്ധ നേടിയിരുന്നു. സെനഗലിന്‍റെയും ജപ്പാന്‍റെയും ആരാധകര്‍ അന്ന് മത്സരത്തിന് പിന്നാലെ ഗ്യാലറിയും സ്റ്റേഡിയവും വൃത്തിയാക്കി കയ്യടി നേടുകയും ചെയ്തിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മഞ്ഞപ്പടയുടെയും പ്രവര്‍ത്തനം. ഇതോടെ തോല്‍വിയിലും തലയുയര്‍ത്തി മാതൃകയാവുകയാണ് രാജ്യത്തെ ഏറ്റവും വലിയ ആരാധകക്കൂട്ടമായ മഞ്ഞപ്പട.