ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണത്തിൻ്റെ തോത് അപകടകരമായ നിലയിലേക്ക് എത്തിയെന്ന് റിപ്പോര്‍ട്ട്. ഈ സീസണിൽ ആദ്യമായി വായു മലിനീകരണത്തിൻ്റെ തോത് 625 ൽ എത്തി. മലിനീകരണ നിയന്ത്രണ പദ്ധതിയായ ഒറ്റ ഇരട്ട വാഹന നിയന്ത്രണം തിങ്കളാഴ്ച മുതൽ ആരംഭിക്കും.

വെസ്റ്റ് ഡൽഹിയിലെ ധീര്‍പൂരിൽ മലിനീകരണ തോത് 509 ൽ എത്തി. ഡൽഹി സര്‍വ്വകലാശാല പരിസരത്ത് 591, ചാന്ദ്നി ചൗക്ക് മേഖലയിൽ 432 , ലോധി റോഡിൽ 537 എന്നിങ്ങനെയാണ് മലിനീകരണ തോത് വായു ഗുണനിലവാര സൂചികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നോയിഡ, ഗാസിയബാദ്, ഗുരുഗ്രാം, ഫരീദാബാദ്, എന്നീ പ്രദേശങ്ങളിൽ മലിനീകരണത്തിൻ്റെ തോത് 400-709 വരെയാണ്. അതേസമയം ഈ പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് നേത്ര അസ്വസ്ഥതയും ശ്വാസ തടസവും അനുഭവപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ദീപാവലി ആഘോഷത്തിന് പിന്നാലെയാണ് ഡൽഹിയിൽ വായു മലിനീകരണത്തിൻ്റെ തോത് കുത്തനെ ഉയര്‍ന്നത്. വായു മലിനീകരണം രൂക്ഷമായതോടെ പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി വെള്ളിയാഴ്ച ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നഗരത്തിലെ സ്കൂളുകള്‍ക്ക് ചൊവ്വാഴ്ച വരെ അവധിയാണ്. ഓഫീസ് സമയം ഒമ്പതര മുതൽ ആറ് വരെയും പത്തര മുതൽ ഏഴ് വരെയും ക്രമീകരിച്ചു. ഡൽഹിയിൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മാസം അഞ്ച് വരെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം മഴ പെയ്താൽ മാത്രമേ വായു ഗുണനിലവാരം മെച്ചപ്പെടുകയുള്ളൂവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇന്നലെ ചില പ്രദേശങ്ങളിൽ മഴ ലഭിച്ചെങ്കിലും വായു മലിനീകരണത്തിൻ്റെ തോതിൽ കുറവ് ഉണ്ടായിട്ടില്ല.

വായു മലിനീകരണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കങ്ങളും രൂക്ഷമാണ്. ഹരിയാനയിലും പഞ്ചാബിലും വിളവെടുപ്പിനുശേഷം പാടങ്ങൾ കത്തിച്ചതിനെ തുടർന്നാണ് ഡൽഹിയിലെ വായു മലിനീകരണത്തിന് 46 ശതമാനം കാരണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇത് നിയന്ത്രിക്കാൻ കേന്ദ്രം ഇടപെടാത്തത് എന്താണെന്ന് ഡൽഹി സർക്കാർ ചോദിച്ചു. വിഷയത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.