തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ഇന്ന് കൊടിയേറ്റം. കുന്ദംകുളം ടൗണ്‍ ഹാളില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ മന്ത്രി എസി മൊയ്തീന്‍ മേള ഉദ്ഘാടനം ചെയ്യും. കുന്ദംകുളത്തും സമീപ പ്രദേശങ്ങളിലെ അഞ്ച് വിദ്യാലയങ്ങളിലുമായിട്ടാണ് ശാസ്‌ത്രോത്സവം നടക്കുന്നത്.

അഞ്ച് വേദികളിലായി 350 മത്സര ഇനങ്ങളാണ് ശാസ്‌ത്രോത്സവത്തില്‍ ഉള്ളത്. ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിതശാസത്രം, ഐടി, പ്രവര്‍ത്തി പരിചയ മേള എന്നിവയിലായി പന്ത്രണ്ടായിരത്തിലധികം പ്രതിഭകളാണ് ഇത്തവണ മാറ്റുരയ്ക്കാന്‍ പോവുന്നത്. ആദ്യ ദിവസം വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍, തത്സമയ നിര്‍മ്മാണം എന്നിവയാണ് മത്സരത്തിലെ ആകര്‍ഷക ഇനങ്ങള്‍.

ഇതിനു പുറമെ വൊക്കേഷണല്‍ എക്‌സ്‌പോയും സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ പ്രവര്‍ത്തി പരിചയ മേളയും ഇതോടൊപ്പം നടക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം മേള പൊതുജനത്തിന് കാണാനായി തുറന്നു കൊടുക്കും.