ദുബായ് : പര്‍ദ ധരിച്ചെത്തി വന്‍ കവര്‍ച്ച , മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പൊലീസ് വലയിലായി . ദുബായിലാണ് സംഭവം. പര്‍ദ ധരിച്ചെത്തി 30 ലക്ഷം ദിര്‍ഹമാണ് കവര്‍ച്ച ചെയ്തത്. കവര്‍ച്ച നടത്തി 47 മിനിറ്റുകള്‍ക്കുള്ളിലാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. മേഖലയില്‍ കവര്‍ച്ച ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന സംഘത്തിലെ അംഗമാണ് പിടികൂടിയയാള്‍.

യൂറോപ്പുകാരനായ വ്യാപാരിയുടെ താമസ കേന്ദ്രത്തിലാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. വ്യാപാരി തന്റെ ഭാര്യ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് യൂറോപ്പിലേക്ക് തിരിച്ചിരുന്നു. ഇതു മനസിലാക്കിയ പ്രതി ഇവരുടെ താമസകേന്ദ്രത്തില്‍ പര്‍ദ്ദ ധരിച്ചെത്തി കവര്‍ച്ച നടത്തുകയായിരുന്നു. ഇതിന് ശേഷം പര്‍ദ്ദ മാറ്റിയ പ്രതി താമസ- വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചുറ്റിക്കറങ്ങി. സംഘത്തെ കുറിച്ച്‌ ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന് രഹസ്യ വിവരം ലഭിച്ചതനുസരിച്ച്‌ പ്രതിയെ പെട്ടെന്ന് തന്നെ വലയിലാക്കുകയായിരുന്നു. വിശദ പരിശോധനയ്ക്ക് വിധേയമാക്കിയ പ്രതിയുടെ ബാഗില്‍ നിന്നു വിലപ്പിടിപ്പുള്ള വാച്ചുകളും പണവും കണ്ടെത്തി. പ്രതി ഒളിപ്പിച്ചു വച്ച മറ്റൊരു ബാഗും കണ്ടെത്തി. ഇതില്‍ നിന്ന് ലോഹ തകിടുകള്‍ പൊളിക്കുന്നതിന് ഉപയോഗിക്കുന്ന ഹൈഡ്രോളിക് കട്ടറും കണ്ടെത്തി.