ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി-20 ക്രിക്കറ്റ് പരമ്ബരയ്ക്ക് ഇന്ന് ദില്ലിയില്‍ തുടക്കമാകും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വാക്കുകള്‍ സംഭവ്യമായാല്‍ മലയാളികളുടെ അഭിമാനം സഞ്ജു സാംസണ്‍ ഇന്നു കളത്തിലിറങ്ങും. ഇന്ന് വൈകിട്ട് 7:00 മുതലാണ് മത്സരം. ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായതിനാല്‍ കളിയെ ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

ക്യാപ്റ്റന്‍ വിരാട് കോഹ്ലി വിശ്രമത്തിലാണ്. രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. രോഹിതിനുകീഴില്‍ ഒരുകൂട്ടം യുവതാരങ്ങള്‍ ഇറങ്ങുന്നു. മലയാളിതാരം സഞ്ജു സാംസണിലേക്കാണ് കണ്ണുകള്‍. സഞ്ജുവിന് ഇടംകിട്ടുമോ എന്ന് ഉറപ്പായിട്ടില്ല. ബാറ്റ്സ്മാനായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയതെന്ന് മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദ് വ്യക്തമാക്കിയിരുന്നു.

വിജയ് ഹസാരെ ട്രോഫിയിലെ ഉശിരന്‍ പ്രകടനത്തിന്റെ ആത്മവിശ്വാസമുണ്ട് സഞ്ജുവിന്. മൂന്നാംനമ്ബരാണ് സഞ്ജുവിനുള്ള സ്ഥാനം. നിലവില്‍ ലോകേഷ് രാഹുലിനാണ് കൂടുതല്‍ സാധ്യത. ഓള്‍റൗണ്ടര്‍ ശിവം ദുബെ അരങ്ങേറിയേക്കും. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തുടരും.

ഷാക്കിബ് അല്‍ ഹസ്സന്റെ വിലക്കില്‍ തളര്‍ന്ന ബംഗ്ലാദേശ് പുതിയ തുടക്കമാണ് കൊതിക്കുന്നത്. ഓള്‍റൗണ്ടര്‍ മഹ്മദുള്ളയാണ് ക്യാപ്റ്റന്‍. പരിചയസമ്ബന്നന്മാരാണ് ടീമിലേറെയും.