തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവച്ച്‌ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി തുറന്ന് പറയണം എന്ന് കെ.സുധാകരന്‍ എം.പി. ഈ ഭരണകാലത്ത് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 പേരെയാണ് തണ്ടര്‍ബോള്‍ട്ട് വെടിവച്ച്‌ കൊന്നത്. ജനാധിപത്യ ഭരണകൂടത്തിന് ചേര്‍ന്ന നടപടിയല്ല

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവച്ച്‌ കൊന്ന സംസ്ഥാന ഭരണകൂടത്തിന്റെ നടപടി പ്രാകൃതവും ജനാധിപത്യ ഭരണകൂടത്തിന് ചേര്‍ന്ന നടപടിയല്ലെന്നും എം.പി കെ.സുധാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടി പുരോഗമന കേരളത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും മാവോയിസ്റ്റുകളെ കണ്ടാലുടന്‍ വെടിവച്ച്‌ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി തുറന്ന് പറയണം. ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് മാവോയിസ്റ്റുകളെ നേരിടാന്‍ വ്യക്തമായ കര്‍മ്മ പദ്ധതികള്‍ ഉണ്ടാവണം. പോലീസ് തോക്ക് കൊണ്ട് ഉന്‍മൂലനം നടത്തി വിധി നടപ്പാക്കാന്‍ ഇവിടെ ഈദി അമീന്റെ ഭരണമാണോ നടക്കുന്നത്. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തെ ആരും അംഗീകരിക്കുന്നില്ലെങ്കിലും ഈ ആധുനിക യുഗത്തില്‍ ഇത്തരം കാര്യങ്ങളോട് ജനാധിപത്യ സര്‍ക്കാര്‍ മനുഷ്യത്വരഹിതമായി പെരുമാറരുത്.

സി.പി.എം അധികാരത്തില്‍ വന്നതിന് ശേഷം രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 പേരെയാണ് തണ്ടര്‍ബോള്‍ട്ട് വെടിവച്ച്‌ കൊന്നത്. മനുഷ്യരുടെ ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുത്ത് പരസ്യമായി അതിനെ ന്യായീകരിച്ച മുഖ്യമന്ത്രി മഞ്ചക്കണ്ടിയിലേത് ഉള്‍പ്പെടെ മാവോയിസ്റ്റുകളെ എവിടെ കണ്ടാലും വെടിവച്ച്‌ കൊല്ലാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ തുറന്ന് പറയണമെന്ന് കെ.സുധാകരന്‍ എം.പി. പ്രസ്താവനയില്‍ പറഞ്ഞു.