കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജയിനെതിരെ വനിതാ കൗണ്‍സിലര്‍മാര്‍ രംഗത്ത്. മേയര്‍ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ടാണ് ആറ് വനിത കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയത്. മേയറെ മാറ്റുന്ന കാര്യത്തില്‍ കെപിസിസി ഉടന്‍ തീരുമാനമെടുക്കുമെന്ന് ഡിസിസി അറിയിച്ചു.

രണ്ടര വര്‍ഷത്തിന് ശേഷം ഭരണമാറ്റമെന്നത് നേരത്തെ തീരുമാനിച്ചതാണെന്നും മേയര്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിരുന്നതായും എതിര്‍പ്പുമായി രംഗത്തെത്തിയ വനിത കൗണ്‍സിലര്‍മാര്‍ പറഞ്ഞു. നിലവില്‍ മേയര്‍ നടത്തുന്നത് പാര്‍ട്ടി വിരുദ്ധ നടപടിയാണ്. 36 കൗണ്‍സിലര്‍മാരില്‍ 8 പേരെ കൂടെ നിര്‍ത്തി ഭരണം നടത്താമെന്ന് മേയര്‍ പ്രതീക്ഷിക്കേണ്ടെന്നും വനിത കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റിനെ കാര്യങ്ങളെല്ലാം ധരിപ്പിച്ചിട്ടുണ്ടെന്നും ടി.ജെ വിനോദ് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിന്റെ നിറം മങ്ങിയ വിജയത്തിന് തൊട്ടു പിന്നാലെ സൗമിനിയുടെ രാജി ആവശ്യപ്പെട്ട് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ രാജി വെക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന മറുപടിയായിരുന്നു സൗമിനി ജയിന്‍ നല്‍കിയത്