കൊച്ചി: സൗമിനി ജെയിന്‍ മേയര്‍ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ ആറ് വനിതാ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. രണ്ടര വര്‍ഷത്തിനുശേഷം മേയര്‍സ്ഥാനം ഒഴിയാമെന്ന മുന്‍ധാരണ തെറ്റിച്ചെന്നാണ് ആക്ഷേപം.
മകളുടെ വിവാഹം കഴിഞ്ഞ് മാറാമെന്ന് മേയര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും മേയര്‍ നടത്തുന്നത് പാര്‍ട്ടി വിരുദ്ധ നടപടിയാണെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.

ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ച്ചയ്ക്ക് പിന്നാലെയാണ് കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ കലാപം തുടങ്ങിയത്. ഹൈബി ഈഡല്‍ എം.പിയാണ് സ്വരം കടുപ്പിച്ച്‌ ആദ്യം രംഗത്തെത്തിയത്. എന്നാല്‍ ഇതുവരെ മേയറെ മാറ്റുന്നത് സംബന്ധിച്ച്‌ ഔദ്യോഗിക നടപടിയായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയിലെ വനിത നേതാക്കളെ ഇറക്കിയുള്ള പുതിയ സമ്മര്‍ദ്ദ തന്ത്രം.
നേതൃത്വം മേയറെ മാറ്റിയില്ലെങ്കില്‍ കെ പി സി സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ നേരില്‍ കണ്ട് പ്രതിഷേധമറിയിക്കാനാണ് തീരുമാനം. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മേയര്‍ സൗമിനി ജെയിന്‍.