ഡാളസ്: നവംബർ 3 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഡാളസിലെ റിച്ചാർഡ്സണിലുള്ള ഐസ്മാൻ സെന്ററിൽ (2351 Performance Dr , Richardson,Tx 75082) വെച്ച്‌ ക്രിസ്തിയ സംഗീത വിരുന്ന് നടത്തപ്പെടുന്നു.

ഇന്ത്യയിലെ പ്രമുഖ കീബോർഡ് മാന്ത്രിക സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും, ഐഡിയ സ്റ്റാർസിംഗറിലൂടെ ഗാനാലാപന രംഗത്ത് എത്തിയ അഞ്ജു ജോസഫും കൂട്ടരും ചേർന്ന് ഒരുക്കുന്ന ക്രിസ്തിയ സംഗീത വിരുന്ന് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ മിഷൻ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സൗത്ത് വെസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മറ്റിയുടെ ( SWRAC) നേതൃത്വത്തിൽ ആണ് ഡാളസിൽ നടത്തപ്പെടുന്നത്.

മോഡേൺ കോൺട്രാക്ടിംഗ് കമ്പനിയും, സ്റ്റാർ പീഡിയാട്രിക് ഗ്രൂപ്പും ചേർന്നാണ് പരിപാടിയുടെ ഇവന്റ് സ്പോൺസർ, ജോൺ സണ്ണി ആൻറ് ഫാമിലിയാണ് മെഗാ സ്പോൺസർ. ഡാളസിലെ പ്രമുഖ ട്രാവൽ ഏജൻസി ആയ മൗണ്ട് ട്രാവൽസ് ആൻഡ് ടൂർസ് ആണ് ഗ്രാൻഡ് സ്പോൺസർ.ഡാലസിലെ കിഡ്‌നി കെയർ രംഗത്തുള്ള ഡോക്ടറുന്മാരുടെ സംഘമായ റെനൽ ഗ്രുപ്പ് ആണ് പ്ലാറ്റിനം സ്പോൺസർ.

നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസിന്റെ മേൽനോട്ടത്തിൽ റവ.ഡോ.എബ്രഹാം മാത്യു, റവ.പി.തോമസ് മാത്യു, സജു കോര, എബി ജോർജ്, പി.റ്റി മാത്യു. ഭദ്രാസന ട്രഷറാർ ഫിലിപ്പ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഞായറാഴ്ച വൈകിട്ട് നടത്തപ്പെടുന്ന ഈ ക്രിസ്തിയ സംഗീത വിരുന്നിലേക്ക് ഡാളസിലെ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി കൺവീനർ ഷാജി രാമപുരം അറിയിച്ചു. പ്രവേശന പാസ്സുകൾ അന്നേ ദിവസം കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണ്.