സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉള്‍പ്പടെ നടപ്പാക്കിയിട്ടുള്ള പെന്‍ഷന്‍ പദ്ധതിയില്‍ ഇനി പ്രവാസികള്‍ക്കും നിക്ഷേപിക്കാം. ഒക്ടോബര്‍ 29ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ നിക്ഷേപിക്കാന്‍ പ്രവാസികള്‍ക്കും(ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ, എന്‍ആര്‍ഐ)അനുമതി നല്‍കിയത്.

എന്‍പിഎസിന്റെ ടിയര്‍-1 അക്കൗണ്ടിലാണ് പ്രവാസികള്‍ക്ക് നിക്ഷേപിക്കാന്‍ കഴിയുക. ടിയര്‍-2 അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ഇവര്‍ക്കാവില്ല.

നേരത്തെ വിദേശ ഇന്ത്യക്കാര്‍ക്കും പ്രവാസികള്‍ക്കും എന്‍പിഎസില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ടായിരുന്നില്ല. വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആവശ്യമുയര്‍ന്നതിനെതുടര്‍ന്നാണ് ഇതിന് പിഎഫ്‌ആര്‍ഡിഎ ഇതിന് അനുമതി നല്‍കിയത്.

2015 മെയില്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തില്‍, ഓവര്‍സീസ് ഇന്ത്യക്കാര്‍ക്കും ഹിന്ദു അവിഭക്തകുടുംബങ്ങള്‍ക്കും നിക്ഷേപിക്കാന്‍ കഴിയില്ലെന്ന് വ്യക്തമക്കിയിരുന്നു.

വിദേശത്തുനിന്ന് മടങ്ങുന്ന ഇന്ത്യക്കാര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നതിന് പുതിയ വിജ്ഞാപനത്തിലൂടെ അവസരമൊരുങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍, കോര്‍പ്പറേറ്റുകള്‍ എന്നിവര്‍ക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ പദ്ധതിയുടേതുപോലെ മറ്റൊന്നായിരിക്കും പ്രവാസികള്‍ക്കും രൂപപ്പെടുത്തുക.

2004 ജനുവരിയിലാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ആദ്യമായി അവതരിപ്പിച്ചത്. പങ്കാളിത്തപെന്‍ഷന്‍ എന്നപേരില്‍ അറിയപ്പെടുന്നതും ഇതുതന്നെയാണ്. 2009ല്‍ എല്ലാവിഭാഗക്കാര്‍ക്കും എന്‍പിഎസില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കി.

വര്‍ഷത്തില്‍ ചുരുങ്ങിയത് ആറായിരം രൂപയാണ് പദ്ധതിയിലേയ്ക്ക് അടയ്‌ക്കേണ്ടത്. ഒറ്റത്തവണ കുറഞ്ഞ തുക 500 രൂപയുമാണ്.

60വയസ്സുവരെയാണ് എന്‍പിഎസില്‍ വിഹിതം അടയ്ക്കുന്നതിന് അവസരമുള്ളത്. കാലാവധിയെത്തുമ്ബോള്‍ മൊത്തം നിക്ഷേപത്തിലെ 60 ശതമാനം തുക പിന്‍വലിക്കാം. ബാക്കിയുള്ള 40 ശതമാനം തുക ഏതെങ്കിലും ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കണം. ഇതില്‍നിന്നാണ് പെന്‍ഷന്‍ ലഭിക്കുക. കാലാവധിയെത്തുമ്ബോള്‍ എന്‍പിഎസില്‍നിന്ന് പിന്‍വലിക്കുന്ന തുകയ്ക്ക് ആദായനികുതി നല്‍കേണ്ടതില്ല.